തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ പി.എസ് ഫെറിയിൽ പാലത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കം. കാൽനൂറ്റാണ്ട് മുമ്പ് കെ.ആർ. ഗൗരിയമ്മ എം.എൽ.എ ആയിരിക്കുമ്പോൾ പി.എസ് കടത്തുകടവിൽ പാലം നിർമിക്കാൻ അഞ്ചുലക്ഷം ചെലവഴിച്ച് മണ്ണ് പരിശോധന നടത്തിയതല്ലാതെ പിന്നീട് ഒരു നടപടിയും നടന്നിട്ടില്ല.
എ.എം. ആരിഫ്, ദലീമ എന്നിവർ രണ്ടര പതിറ്റാണ്ട് എം.എൽ.എ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇടക്ക് കുറച്ചുനാൾ ഷാനിമോൾ ഉസ്മാനും എം.എൽ.എയായിരുന്നു. എന്നാൽ, ആരും കുറുമ്പി കായലിന് കുറുക പാലത്തിനു വേണ്ടി ശ്രമം നടത്തിയില്ല. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലൂടെയാണ് കുറുമ്പി കായൽ കടന്നുപോകുന്നതെങ്കിലും കോടംതുരുത്ത് പഞ്ചായത്തിനെ മാത്രമാണ് കായൽ രണ്ടായി മുറിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിൽ ഇരുകരയെയും ബന്ധിപ്പിച്ചുള്ള കടത്തുവഞ്ചിയായിരുന്നു കായൽ കടക്കാൻ ഏക ആശ്രയം. ഏഴുവർഷം മുമ്പ് കടത്തുകാരൻ വിരമിച്ചതോടെ കടത്തും നിലച്ചു. രണ്ടുവർഷം മുമ്പ് പഞ്ചായത്ത് താൽക്കാലിക ജീവനക്കാരനെ നിയമിച്ച് വീണ്ടും കടത്തു സർവിസ് ആരംഭിച്ചു. പാലമില്ലാത്തതിനാൽ കോടംതുരുത്ത് പഞ്ചായത്ത്, ദേശീയപാത, തുറവൂർ ഗവ. ആശുപത്രി, ട്രഷറി, വൈദ്യുതി ഓഫിസ്, കൃഷിഭവൻ, കുത്തിയതോട് ചന്ത എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. ചെറുവള്ളത്തിൽ പോകുന്ന വിദ്യാർഥികളുടെ യാത്രയും ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.