അമ്പലപ്പുഴ ഗവ. കോളജ് വേദിയിൽ നടന്ന പ്രച്ഛന്ന വേഷം മത്സരത്തിൽ നാടുകടത്തിയ അരിക്കൊമ്പൻ എത്തിയപ്പോൾ
അമ്പലപ്പുഴ: കലോത്സവത്തിലും താരമായി അരിക്കൊമ്പൻ. കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ. കോളജിൽ നടന്ന പ്രച്ഛന്നവേഷ മത്സരത്തിലാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ താരശോഭയിൽ തിളങ്ങിയത്.
ആലപ്പുഴ എസ്.ഡി കോളജ് ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാർഥി പി. പവിത്രയാണ് ആദിവാസി ചുവടുവെച്ച് കാടിന്റെ മനോഹാരിതക്കൊപ്പം അരി മോഷ്ടിച്ചതിന് നാടുകടത്തിയ അരിക്കൊമ്പനെയും ഇല്ലാതാക്കിയ മധുവിനെയും ചേർത്തുപിടിച്ചത്.
നിറഞ്ഞ കൈയടികളോടെയാണ് ഇത് സദസ്സ് സ്വീകരിച്ചത്. നെടുമുടി പൊങ്ങ ശ്രീദേവി മന്ദിരത്തിൽ കർഷകൻ അനിൽകുമാറിന്റെയും പുന്നപ്ര മിൽമ മാർക്കറ്റിങ് അസിസ്റ്റന്റ് പ്രിയയുടെയും മകളാണ്.
യുക്രെയ്ൻ യുദ്ധത്തിന്റെ നേർകാഴ്ചയൊരുക്കിയ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ സേതുലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം.
ചേർത്തല മുട്ടത്തിപ്പറമ്പ് കരിക്കാട് കാച്ചിക്കാട്ട് വീട്ടിൽ കെ.എം. സന്തോഷ് കുമാറിന്റെയും രശ്മി കുമാറിന്റെയും മകളാണ്. ബി.കോം മൂന്നാം വർഷ വിദ്യാർഥിയാണ്. ദേശീയ പുരസ്കാര ജേതാവ് നാഞ്ചിയമ്മയും യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിയും പ്രച്ഛന്നവേഷ മത്സരത്തിലെ വേറിട്ട കാഴ്ചകളായി. ആതിഥേയരായ അമ്പലപ്പുഴ ഗവ. കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനി ജി. ഗീതാഞ്ജലിയാണ് ഈ വേഷത്തെ ധന്യമാക്കിയത്. ‘കലക്കാത്ത സന്ദനമേലെ’എന്ന ഗാനത്തിലൂടെ പ്രശസ്തിനേടിയ വനിതരത്നത്തെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഥാപാത്രമായി അവതരിച്ചത്.
പന്തളം എൻ.എസ്.എസ് കോളജിലെ ബി.എ ഹിസ്റ്ററി വിദ്യാർഥി അനഘ രാജേഷാണ് ലഹരിക്കെതിരെയുള്ള സന്ദേശം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.