ആലപ്പുഴ: കുടുംബശ്രീയുടെ ‘കേരള ചിക്കൻ പദ്ധതി’ ആലപ്പുഴയിലും. മാർച്ചിൽ ഔട്ട്ലറ്റുകളും ഫാമുകളും തുറക്കുന്ന രീതിയിലാണ് പ്രവർത്തനം.ജില്ല കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ സുരക്ഷിതവും സംശുദ്ധവുമായ കോഴിയിറച്ചി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ശ്രീപ്രിയ ‘മാധ്യമ’ത്തോട് പറഞ്ഞു. വിപണകേന്ദ്രവും ഫാമുകളും തിട്ടപ്പെടുത്താൻ ഈമാസം 20ന് ആലപ്പുഴയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ യോഗം വിളിച്ചിട്ടുണ്ട്.
യോഗത്തിൽ സർവേയിൽ കണ്ടെത്തിയ ഫാമുകളടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകും. ജില്ലയിൽ നിലവിൽ 34 ഫാം തുടങ്ങാൻ ധാരണയായി. അത് 80 ആക്കി ഉയർത്തും. കുറഞ്ഞത് 1000 കോഴികളെ വളർത്താവുന്ന റോഡുകളോട് ചേർന്ന ഫാമുകളാവണം. അടിസ്ഥാന സൗകര്യമൊരുക്കാൻ 1200 ചതുരശ്രയടി വേണം. ഫാമുകൾ നിശ്ചയിക്കുന്നതോടെയാണ് ജില്ലയിലെ വിപണന കേന്ദ്രത്തിന്‍റെ എണ്ണം തിട്ടപ്പെടുത്തുന്നത്.
പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്ട്ലറ്റുകൾ തുറക്കുകയാണ് ലക്ഷ്യം. നിലവിൽ സംസ്ഥാനത്തെ എട്ട് ജില്ലയിൽ 104 വിപണന കേന്ദ്രങ്ങളിലായി 328 ബ്രോയിലർ ഫാമുണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
അഞ്ച് വർഷത്തിനിടെ 150 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് കിട്ടിയത്. 297 വനിത കർഷകരും ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതുമുഖേന 400 കുടുംബങ്ങൾക്ക് സ്ഥിരവരുമാനവും ലഭ്യമാക്കുന്നുണ്ട്.എറണാകുളത്ത് 25 ഔട്ട്ലറ്റും 55 ഫാമും കോട്ടയത്ത് 21 ഔട്ട്ലറ്റും 50 ഫാമും കൊല്ലത്ത് 16 ഔട്ട്ലറ്റും 49 ഫാമും തൃശൂരിൽ 16 ഔട്ട്ലറ്റും 47 ഫാമും തിരുവനന്തപുരത്ത് 15 ഔട്ട്ലറ്റും 48 ഫാമും കോഴിക്കോട്ട് 10 ഔട്ട്ലറ്റും 41 ഫാമും പാലക്കാട്ട് 13ഉം മലപ്പുറത്ത് 25 ഫാമും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.