നെൽവയലുകളിൽ നിയമം ലംഘിച്ച് നടത്തുന്ന മത്സ്യകൃഷി ഫിഷറീസ് ഉദ്യോഗസ്ഥ പരിശോധിക്കുന്നു
തുറവൂർ: നെൽവയലുകളിലെ അനധികൃത മത്സ്യകൃഷി കണ്ടെത്താൻ ഫിഷറീസ് വകുപ്പ് പരിശോധന തുടങ്ങി. കരിനില വികസന ഏജൻസിയുടെ ഉത്തരവ് മറികടന്ന് നെൽകൃഷി നടത്തേണ്ട സമയത്ത് വയലുകളിൽ മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങളിലാണ് പരിശോധന.
കോടംതുരുത്ത് പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ പുളിത്തറമുറി, കൊച്ചുചങ്ങരം, ചങ്ങരം വടക്കേ ബ്ലോക്ക് എന്നീ പാടശേഖരങ്ങൾ ഉൾപ്പെടുന്ന നെൽവയലുകളിലാണ് തുറവൂർ മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫിസർ അഞ്ജനയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്.
കലക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, കുത്തിയതോട് പൊലീസ്, കൃഷി ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ചേരുങ്കൽ പ്രദേശത്തെ പച്ചക്കറി കർഷകർ പരാതി നൽകിയിരുന്നു. നെൽകൃഷി നടത്തേണ്ട സമയത്ത് വയലുകളിൽ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി വിധിയുള്ളതാണ്.
നിയമ ലംഘനത്തിനെതിരെ ചേരുങ്കൽ പ്രദേശത്തെ കുടുംബങ്ങൾ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന് തയാറെടുക്കുകയാണ്. ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം മൂലം പച്ചക്കറി വിളകൾ കരിഞ്ഞ് നഷ്ടം നേരിട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കൺവീനർ കെ.കെ. അനിൽകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.