representational image
ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിൽ. ഇതോടെ കൺട്രോൾ റൂം തുറന്നു. രാപ്പകൽ വ്യത്യാസമില്ലാതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്കും വേലിയേറ്റവുമാണ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയത്.
ഗ്രാമീണ റോഡുകളിലടക്കം പലയിടത്തും വെള്ളംകയറി. ജലാശയങ്ങളിൽ വേലിയേറ്റ സമയത്ത് ഒന്നരയടിയോളം ജലനിരപ്പ് ഉയർന്നു. എന്നാൽ, അപകടനിലയിലേക്ക് എത്തിയിട്ടില്ല. എങ്കിലും തുരുത്തുകളിലും താഴ്ന്നപ്രദേശങ്ങളിലും താമസിക്കുന്നവർ ദുരിതത്തിലാണ്.രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളിലും പുറംബണ്ടിലും താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ സ്ഥിതി ദയനീയാണ്. ഗ്രാമീണ റോഡുകളിൽ പലയിടത്തും വെള്ളം കയറി വാഹനയാത്രക്കാരടക്കം ബുദ്ധിമുട്ടിലാണ്.
കനത്ത കാറ്റിലും മഴയിലും അനിഷ്ടസംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴയാണ് പെയ്യുന്നത്. ഇത് വെള്ളപ്പൊക്കമായി മാറുമോയെന്ന് ആശങ്കയുണ്ട്. ആലപ്പുഴയിൽ തിങ്കളാഴ്ച ശരാശരി 26.56 മി.മീറ്റർ മഴയാണ് ലഭിച്ചത്.
ചേർത്തല-19.01, മങ്കൊമ്പ്-18, മാവേലിക്കര-37.2, കായംകുളം-35.01, കാർത്തിപ്പള്ളി-23.4 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്. ജൂൺ ഒന്നിന് ആരംഭിച്ച കാലവർഷം ജില്ലയിൽ ദുർബലമായിരുന്നു. ജൂലൈ 17 വരെ 560.1 മി.മീറ്റർ മഴയാണ് പെയ്തത്. നിലവിൽ ലഭിക്കേണ്ട 835.4 മി.മീറ്റർ ആണ്. 33 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.
കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: മഴ കനത്തതോടെ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ല ആസ്ഥാനത്തും വിവിധ താലൂക്കുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്. കലക്ടറേറ്റ്-0477 2238630, ടോൾഫ്രീ നമ്പർ- 1077, ചേർത്തല- 0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്-0477 2702221, കാർത്തികപ്പള്ളി-0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ- 0479 2452334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.