റവന്യൂ ടവറിന് മുന്നിൽ പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക്
ഹരിപ്പാട്: റവന്യൂ ടവർ വളപ്പിലെ സെപ്റ്റിക് ടാങ്കുകൾ പൊട്ടിയൊലിച്ചുണ്ടാകുന്ന ദുർഗന്ധം അസഹനീയമായി. വവന്യൂ ടവറിന്‍റെ പിറകിൽ പോസ്റ്റ് ഓഫിസിലേക്ക് പോകുന്ന വഴിയിലാണ് ആഴ്ചകളായി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നത്. ഈ ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. കല്ല് മുകളിലിട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴ പെയ്യുമ്പോൾ മലിനജലം പ്രദേശമാകെ പരന്ന് കൂടുതൽ ദുരിതം തീർക്കുന്നു. സബ്ട്രഷറിയിലെ ജീവനക്കാരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
മൂക്കുപൊത്താതെ ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാർക്കിങ് ഭാഗത്തും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സബ് രജിസ്ട്രാർ ഓഫിസിലെയും സമീപത്തെ മറ്റ് ഓഫിസുകളിലെയും ജീവനക്കാരും പ്രയാസത്തിലാണ്.
ഹരിപ്പാട് റവന്യൂ ടവർ
പ്ലംബിങ്ങിലെ അശാസ്ത്രീയതയാണ് അടിക്കടി സെപ്റ്റിക് ടാങ്ക് നിറയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റവന്യൂ ടവർ പ്രവർത്തനം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും നാഥനില്ലാ കളരി കണക്കെയാണ്. 23 ഓഫിസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ആകെയുള്ള രണ്ട് ലിഫ്റ്റും കേടാണ്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ ഓഫിസുകളില്‍ എത്തിച്ചേരുന്നതിന് വലിയ പ്രയാസം നേരിടുന്നുണ്ട്.
ശുചിത്വ പരിപാലനത്തിന് കൃത്യമായ സംവിധാനം ഇല്ലാത്തതിനാല്‍ വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്നു. പൊതുശുചിമുറികൾ വൃത്തിഹീനമായി കിടക്കുന്നതിനാൽ ഉപയോഗയോഗ്യമല്ല. സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തിനാല്‍ രാത്രി സാമൂഹികവിരുദ്ധരുടെ ശല്യവും ഉണ്ടാകാറുണ്ട്. ഓഫിസുകൾക്ക് വാടക നിശ്ചയിച്ച് നൽകിയിട്ടില്ല ഇതുവരെ. സംസ്ഥാന ഹൗസിങ് ബോർഡാണ് റവന്യൂ ടവർ നിർമിച്ചത്. ഇതുവരെ റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ല.
കാര്‍ത്തികപ്പള്ളി തഹസല്‍ദാറെ എസ്റ്റേറ്റ് ഓഫിസറാക്കി നിയമിക്കാനും കൂടാതെ റവന്യൂ ടവറിന്റെ മെയിന്റനന്‍സ് അടക്കം കാര്യങ്ങളുടെ നിർവഹണത്തിനായി പി.ഡബ്ല്യു.ഡി ബിൽഡിങ്, ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി, ഫയര്‍ ഫോഴ്‌സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു. കാഷ്വല്‍ - പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ സേവനം വിനിയോഗിച്ച് റവന്യൂ ടവറിലെ ശുചിത്വ പരിപാലനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.