ആലപ്പുഴ: ഒന്നര പവൻ മാല കവർന്ന 26കാരനായ ചെറുമകനോട് മുത്തശ്ശി ക്ഷമിച്ചു. ജീവിതസമ്പാദ്യം തിരിച്ചുകിട്ടിയതോടെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ആയിരം രൂപ പാരിതോഷികവും നൽകി. ഇതിനൊപ്പം എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോയെന്ന വാത്സല്യം കലർന്ന ഉപദേശവും. ആലപ്പുഴ നഗരമധ്യത്തിലാണ് കൗതുകകരമായ സംഭവം
ബുധനാഴ്ച രാത്രിയാണ് സംഭവം. 65കാരിയായ വയോധിക ഉറങ്ങുമ്പോൾ ജീവിതസമ്പാദ്യമായ മാല തലയിണക്ക് അടിയിലാണ് സൂക്ഷിക്കാറ്. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇടക്കിടെ ആരുമറിയാതെ വീട്ടിൽനിന്ന് ചെറിയ തുകകൾ കൊണ്ടുപോകുന്ന ചെറുമകൻ തന്നെയാണ് ഇതിന് പിന്നില്ലെന്ന് മുത്തശ്ശി ഉറപ്പിച്ചു. പക്ഷേ, പൊലീസിനെകൊണ്ട് പിടിപ്പിക്കാൻ മനസ്സ് അനുവദിച്ചതുമില്ല. ഏങ്ങനെയെങ്കിലും മാലതിരിച്ചുകിട്ടാൻ സങ്കടകഥയുമായി അവർ ആദ്യംസമീപിച്ചത് ഓൾ കേരള ഗോൾഡ് മർച്ചന്ററ്സ് അസോസിയേഷൻ ജില്ലസെക്രട്ടറി എബി തോമസിനെയാണ്.
പിന്നെയാണ് കഥ മാറിമറിയുന്നത്. കാണാതായ ഗാംഗുലി മോഡൽ ചെയിനുമായി എത്തിയാൽ യുവാവിന്റെ കൈയിൽനിന്ന് സ്വർണം വാങ്ങരുതെന്ന സന്ദേശം ജ്വല്ലറി ഉടമകളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ ഷെയർചെയ്തു. യുവാവ് ആലപ്പുഴയിൽ 25ൽ അധികം കടകളിൽ കയറിയിറങ്ങിയെങ്കിലും ആരും മാല വാങ്ങാൻ തയാറായില്ല.
പിന്നീട് മാലയുടെ ഒരുഭാഗം മുറിച്ച് വിൽപനക്ക് എത്തിച്ചെങ്കിലും കടയുടമകൾ തിരിച്ചറിഞ്ഞതോടെ അതും പരാജയപ്പെട്ടു. ഇതോടെ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാല അമ്മൂമ്മക്ക് തിരിച്ചുനൽകുകയായിരുന്നു. പസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച യുവാവ് ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് ചേർന്നതോടെ ലഹരിക്ക് അടിമയായാണ് സ്വഭാവരീതി മാറിയതെന്ന് ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.