മാന്നാർ കുരട്ടിശ്ശേരി തോട്ടുമുഖപ്പ്-കുട്ടമ്പേരൂർ കോയിക്കൽ ഭാഗം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതിപ്രദേശം സന്ദർശിക്കുന്നു



പമ്പാ, അച്ചൻകോവിൽ സംയോജനം; ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

മാന്നാർ: പമ്പാ-അച്ചൻകോവിൽ ആറുകളെ സംയോജിപ്പിക്കുന്ന മാന്നാർ കുരട്ടിശ്ശേരി തോട്ടുമുഖപ്പ്-കുട്ടമ്പേരുർ കോയിക്കൽ ഭാഗം തോട് നവീകരണം ജല വകുപ്പിലെ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ചെങ്ങന്നൂർ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഗീത, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അനൂപ് എന്നിവർ തോടിന്റെ തുടക്കം മുതൽ അവസാന ഭാഗംവരെ സന്ദർശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് പി.എ. ലത, അംഗങ്ങളായ ഷൈന നവാസ്, സേതുലക്ഷ്മി, ശാന്തി നി ബാലകൃഷ്ണൻ, പരിസ്ഥിതി സംഘടന ഭാരവാഹികളായ പി.എ.എ. ലത്തീഫ്, ഡോ. ഒ. ജയലക്ഷ്മി, മധു പുഴയോരം, അശോകൻ നായർ, പി.എ.എ. ജബ്ബാർ, പ്രേമലത എന്നിവരും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു. മാന്നാർ-ചെന്നിത്തല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് പദ്ധതിക്കാവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും തേടുമെന്ന് പ്രസിഡന്റ് ബി.കെ. പ്രസാദ് പറഞ്ഞു.

മാവേലിക്കര-തിരുവല്ല സംസ്ഥാന പാതക്ക് സമാന്തരമായ പമ്പാ നദിയിൽ കുരട്ടിശ്ശേരി തോട്ടുമുഖപ്പിൽനിന്ന് ആരംഭിച്ച് ചെന്നിത്തല പഞ്ചായത്തിൽ അവസാനിക്കുന്ന തോട്ടുമുഖപ്പ്-കുമ്പേരൂർ കോയിക്കൽ ഭാഗം തോട് നവീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സർക്കാർ ബജറ്റിൽ മൂന്നു കോടി ഉൾപ്പെടുത്തിയിരുന്നു. നാലര കിലോ മീറ്ററിലധികമുള്ള ജലനിർഗമന മാർഗം മാലിന്യമുക്തമാക്കി ഇരുവശങ്ങളിലുള്ള 500ലേറെ കുടുംബങ്ങൾ വസിക്കുന്ന പ്രദേശം ക്രാഫ്റ്റ് വില്ലേജാക്കി സ്വയംപര്യാപ്‌ത ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള രൂപരേഖയും പദ്ധതിയും തയാറാക്കാൻ മിലൻ 21 എന്ന പരിസ്ഥിതി സംഘടന മുന്നിട്ടിറങ്ങിയിരുന്നു. ‘ഹരിത പമ്പാ നീർത്തടം’ പദ്ധതിയിൽ തോട് നവീകരണ സർവേ നടത്തുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ശുദ്ധജലലഭ്യതയും ഉറപ്പാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന സോഷ്യൽ, ടെക്നിക്കൽ സർവേ റിപ്പോർട്ട് അന്ന് മന്ത്രിയായിരുന്ന സജി ചെറിയാന് കൈമാറിയിരുന്നു.

മാന്നാർ പഞ്ചായത്തിലെ 5, 6, 7, 16, 17 വാ‍ർഡുകളിലൂടെ കടന്നുപോകുന്ന തോട് പുരാതന ജലമാർഗമായിരുന്നു. ഇരു വശങ്ങളിൽനിന്നുള്ള കൈയേറ്റങ്ങളും സംരക്ഷണമില്ലായ്മയുമാണ് ശോച്യാവസ്ഥയിലാകാൻ കാരണം. നവീകരണത്തിന് ജലസേചന വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി ചെറുകിട ജലസേചന വകുപ്പിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയത്.

Tags:    
News Summary - Kerala Government Paves Way for Mannar Canal Revival and Craft Village Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.