ആലപ്പുഴയിലെ ഹോട്ടൽ ഉടമകളോട്; ആരുണ്ടിവിടെ ചോദിക്കാൻ...?
ആലപ്പുഴ: ഈ നഗരത്തിന് ഇതെന്തുപറ്റി..? എന്നത് ആലപ്പുഴയെ സംബന്ധിച്ച് പരസ്യവാചകമല്ല. ശരിക്കും ഈ നഗരത്തിന് എന്തോ പറ്റിയിട്ടുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഭക്ഷണകാര്യത്തിലാണ് ഈ അരാജകത്വം. ഒരേ ഭക്ഷണത്തിന് ഓരോ കടയിലും ഓരോ വില. അത് നിയന്ത്രിക്കാനോ ഏകോപിപ്പിക്കാനോ യാതൊരു സംവിധാനവുമില്ല. കിഴക്കിന്‍റെ വെനീസ് എന്ന ആലപ്പുഴ നഗരം ഭക്ഷണത്തിന്‍റെ കാര്യത്തിൽ കഴുത്തറപ്പൻ നഗരമായി മാറി. കോഴിക്കോട്ടും എറണാകുളത്തും ഇല്ലാത്ത വിലയാണ് ആലപ്പുഴ നഗരത്തിലെ ചെറുകിട ഭക്ഷണശാലകളിൽപോലും ഈടാക്കുന്നത്. ഒരുകാലത്ത് ഭക്ഷണത്തിന് കേരളത്തിൽ ഏറ്റവും വിലക്കുറവുണ്ടായിരുന്നത് ആലപ്പുഴയിലായിരുന്നു. അത് പണ്ട്. ഇപ്പോ പഴയ ആലപ്പുഴയല്ല. ടൂറിസ്റ്റ് നഗരമാണ്. അതുകൊണ്ട് കഴുത്തറുത്ത് വാങ്ങാമെന്നായി. ഉച്ചയൂണിന്‍റെ കാര്യത്തിലാണ് ഒരു രക്ഷയുമില്ലാത്തത്. ഒരിടത്ത് 80 രൂപ. മറ്റൊരിടത്ത് 90 ഉം 100 ഉം അതിനു മുകളിലുമൊക്കെ തരാതരം പോലെ വാങ്ങുന്നു. സ്പെഷൽ കൂടി വാങ്ങിയാൽ ബില്ലിന് കനം ഇനിയും കൂടും. ഒരില വെച്ചാൽ 100 രൂപ മിനിമം.
നിലവാരം ഇല്ലേയില്ല..
എന്തെങ്കിലുമാകട്ടെ കഴിച്ചേക്കാമെന്ന് കരുതി കയറിയാൽ ഭക്ഷണത്തിന്‍റെ നിലവാരം പരമദയനീയം. ചോറും സാമ്പാറും തൊടുകറികളും ഒക്കെ ഒരു കണക്ക്. വായിൽ വെക്കാൻ കൊള്ളില്ലെന്ന് അനുഭവസ്ഥർ പറയുന്നു. പേരിനൊരു മീൻചാറ് കിട്ടിയെങ്കിലായി. അക്വേറിയത്തിൽ മുളകുപൊടി കലക്കിയതു പോലൊരു കറിയെന്ന് ചിലർ തമാശ പറയുന്നു. ഒരുതരം തട്ടിക്കൂട്ട് കറികളും ചോറും. വിലയിൽ ഈ തട്ടലൊന്നുമില്ല, കൂട്ടലേയുള്ളു. ഇനി വെജിറ്റേറിയൻ ഹോട്ടലുകളെ ആശ്രയിക്കാമെന്നുവെച്ചാൽ അവിടെയും കഥയിൽ മാറ്റമില്ല. ഒരില വെച്ചാൽ മിനിമം നൂറു രൂപയെങ്കിലും കൊടുക്കണം. ചിലയിടത്ത് ഇലയും കൂടി എടുത്തുകൊണ്ട് പോകണം.
വൃത്തി നഹി നഹി...
വൃത്തിയുടെ കാര്യം പറയുകയുംവേണ്ട. ഏതാനും മുന്തിയ ഭക്ഷണശാലകൾ ഒഴിക്കെ ഒട്ടുമിക്കതിലും വൃത്തി കമ്മിയാണ്. ഭേദപ്പെട്ട ഹോട്ടലുകളിലാണെങ്കിൽ അടുക്കാൻ പറ്റാത്ത വിലയും. സ്ഥിരം ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്ന ജോലിക്കാർ, തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവരാണ് കുടുങ്ങുന്നത്. വല്ലപ്പോഴുമല്ലാതെ സ്ഥിരമായി ‘ഭേദം’ ഊണ് കഴിക്കാമെന്ന് കരുതിയാൽ പോക്കറ്റ് ചോർന്നൊലിക്കും. ചില വെജിറ്റേറിയൻ ഹോട്ടലുകളിൽ ‘മലയാളത്തനിമ’ കാക്കാൻ ഇലയിലാണ് ഊണ് വിളമ്പുന്നത്. കഴിച്ചുകഴിഞ്ഞ് ഇലയുമെടുത്ത് വാഷ് ബേസിനടുത്ത് വെച്ച ബക്കറ്റിലോ ഡ്രമ്മിലോ ഇടേണ്ട ഉത്തരവാദത്തവും കഴിച്ചവർക്കാണ്. ഡ്രമ്മിലാകട്ടെ ഇല നിറഞ്ഞ് പുറത്തുചാടി അലങ്കോലമായ അവസ്ഥയായിരിക്കും. കൈകഴുകുന്നിടം വൃത്തിയായി സൂക്ഷിക്കില്ലെന്ന കാര്യത്തിൽ നിലവാരഭേദമില്ലാതെ എല്ലാ ഹോട്ടലുകളും ഐക്യമുന്നണിയാണ്.
ടോയ്ലറ്റുകളുടെ കഥ പറയുകയും വേണ്ട. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ ‘വിശപ്പ്രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് സുഭിക്ഷ ഹോട്ടലുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഊണിന് 30 രൂപയേയുള്ളു. സ്പെഷൽ കൂടി ചേർന്നാൽ 60 രൂപയാകും. പക്ഷേ, വിലയിലെ കുറവുപോലെ തന്നെയാണ് വൃത്തിയുടെ കാര്യത്തിലും. ഭക്ഷണം കഴിച്ച ടേബിൾ തുടച്ച് വൃത്തിയാക്കുന്നതൊക്കെ അപരിചിതമായ ശീലമാണിവിടെ.
കുടിവെള്ള ഭീഷണി
ഭക്ഷണത്തിനൊപ്പം കൊടുക്കുന്ന കുടിവെള്ളത്തിന്‍റെ കാര്യം പറയാതിരിക്കലാണ് ഭേദം. ജലജന്യരോഗങ്ങൾ പതിവായ നഗരത്തിൽ തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്ന ഹോട്ടലുകൾ പേരിനുമാത്രം. മിക്കയിടത്തും പച്ചവെള്ളം നേരിട്ട് കുടിക്കാൻ കൊടുക്കുന്നു. ഇനി ചൂടുവെള്ളം കൊടുക്കുന്നിടങ്ങളിലാണെങ്കിൽ കുറച്ച് തിളച്ച വെള്ളത്തിലേക്ക് കൂടുതൽ പച്ചവെള്ളം ഒഴിച്ച് പാകമാക്കിയാവും നൽകുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രോഗകാരികളായ ബാക്ടീരിയകൾ നശിക്കില്ലെന്ന ആരോഗ്യ മുന്നറിയിപ്പൊന്നും ആരും പാലിക്കാറില്ല.
പരിശോധന വഴിപാട്
ഭക്ഷ്യസുരക്ഷ വകുപ്പിനും നഗരസഭ ആരോഗ്യ വിഭാഗത്തിനുമൊക്കെ പരിശോധന സംവിധാനമുണ്ടെങ്കിലും എല്ലാം വഴിപാടുപോലെയാണ്. രാവിലെ ചില ഹോട്ടലുകളിൽ കയറി പരിശോധന നടത്തും. തലേദിവസത്തെ ഭക്ഷണങ്ങൾ പഴകിയതെന്ന പേരിൽ പിടിച്ച് പിഴയീടാക്കി വിടും. നഗരത്തിലെ തട്ടുകടകൾ മുതൽ നക്ഷത്ര ഹോട്ടലുകളിൽ വരെ പരിശോധന നടത്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള അധികാരമൊക്കെയുണ്ടെങ്കിലും അനങ്ങാപ്പാറ നയമാണ് ഈ വിഭാഗത്തിന്റേത്. ഭക്ഷ്യവിൽപന കേന്ദ്രങ്ങളുടെ നിലവാരത്തിലും ശുചിത്വത്തിലും ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കളുടെ കാര്യത്തിലും കർശന പരിശോധന അത്യാവശ്യമാണെന്ന് ഇത്തരം ഭക്ഷണത്തെ പതിവായി ആശ്രയിക്കുന്നവർ പറയുന്നു. വില നിയന്ത്രിക്കാനും സംവിധാനം വേണം.
(ചിത്രങ്ങൾ എ.ഐ നിർമിതം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.