ഭക്ഷ്യസുരക്ഷ പരിശോധന: 3.24 ലക്ഷം പിഴചുമത്തി

ആലപ്പുഴ: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് 3,24,500 രൂപ പിഴചുമത്തി. 1174 പരിശോധനകളാണ് നടത്തിയത്. ശേഖരിച്ച സാമ്പിളുകള്‍ തുടര്‍ പരിശോധനക്കായി അയച്ചു. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് 231പരിശോധനകള്‍ നടത്തി.

വഴിച്ചേരി, ചെങ്ങന്നൂര്‍, കൊല്ലക്കടവ്, ഹരിപ്പാട് മാര്‍ക്കറ്റുകളില്‍നിന്ന് ഫോര്‍മാലിന്‍ ടെസ്റ്റ് പോസിറ്റിവായതും പഴകിയതും ഉള്‍പ്പെടെ 530 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഫോര്‍മാലിന്‍ പോസിറ്റീവായ മത്സ്യത്തി‍െൻറ സാമ്പിളുകള്‍ ഗവ. അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.

ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് 295 പരിശോധനകളാണ് നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ 78 സ്ഥാപനങ്ങള്‍ക്കും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 32 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നൽകി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

120 ജ്യൂസ് കടകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. ഓപറേഷന്‍ ജാഗറിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സ്‌ക്വാഡ് 72 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇക്കാലയളവില്‍ 2600 സ്ഥാപനങ്ങള്‍ക്ക് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനും 304 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കിയതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Food safety inspection: 3.24 lakh fine imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.