ആലപ്പുഴ: ഒരുകോടി രൂപയുടെ ലഹരി കടത്തുകേസിൽ ആരോപണ വിധേയനായ പാർട്ടി ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കെതിരെ കൂടി സി.പി.എം നടപടി. ആലപ്പുഴ വലിയമരം പടിഞ്ഞാറെ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനെ സസ്പെന്‍ഡ് ചെയ്തു.
ഡി.വൈ.എഫ്.ഐ പ്രവർത്തകനായ റഫ്സലിനെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകി. ഷാനവാസിന് ബന്ധമുണ്ടെന്ന് പറയുന്ന ഫുട്ബാൾ ടർഫിന്റെ പാർട്ണറാണ് റഫ്സൽ. ഷാനവാസിന്റെ ലോറിയിൽ നിന്നാണ് രണ്ടാഴ്ച മുമ്പ് ഒരു കോടിയിലധികം വില വരുന്ന അനധികൃത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
മൂന്നുപേർ പിടിയിലായ സംഭവത്തിൽ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇജാസ് ഇക്ബാലിനെ അന്നുതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഷാനവാസിനെ സസ്പെൻഡ് ചെയ്ത പാർട്ടി അന്വേഷണത്തിന് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ മൂന്നുപേരെ കമീഷനായി നിയമിക്കുകയും ചെയ്തു.
പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതോടെ ഷാനവാസിനെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടില്ല. തന്റെ വാടകക്ക് നൽകിയ ലോറിയിൽനിന്നാണ് ലഹരി പിടികൂടിയതെന്ന നിലപാടിലാണ് ഷാനവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.