കുട്ടനാട്ടിൽ 615 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി

ആലപ്പുഴ: 13 പഞ്ചായത്തുകളെ കോർത്തിണക്കി 615 കോടി രൂപയുടെ സമഗ്ര കുട്ടനാട് കുടിവെള്ളപദ്ധതി ഒമ്പത് പാക്കേജുകളായി നടപ്പാക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കിഫ്ബിയിൽനിന്ന് അനുവദിച്ച 481 കോടിയും ജല ജീവൻ മിഷൻ വഴി വീടുകളിൽ കുടിവെള്ളമെത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച 64കോടിയും ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കുന്നത്.

ശുദ്ധീകരണശാലയുടെ നിർമാണമാണ് ഇതിൽ പ്രധാനം. 30 എം.എൽ.ഡിയുടെ പുതിയ പ്ലാന്‍റും 14 എം.എൽ.ഡിയുടെ പ്ലാന്‍റ് നവീകരണവുമാണ് ആദ്യപാക്കേജ്. ഇതിൽ നീരേറ്റുപുറത്തെ പ്ലാന്‍റിന്‍റെ 50 ശതമാനം പൂർത്തിയായി. തലവടി, എടത്വ എന്നിവിടങ്ങളിലെ ഓവർഹെഡ് ടാങ്കും തലവടി, എടത്വ, വീയപുരം എന്നിവിടങ്ങളിലെ പ്ലാന്‍റിൽനിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനുകൾ സ്ഥാപിക്കലുമാണ് രണ്ടാമത്തെ പാക്കേജ്.

എടത്വ, വീയപുരം, തലവടി, തകഴി പഞ്ചായത്തുകളിൽ വിതരണ ശൃംഖല സ്ഥാപിച്ച് തകഴി പഞ്ചായത്തിൽ ഓവർഹെഡും മുട്ടാർ, വെളിയനാട്, നീലംപേരൂർ, രാമങ്കരി, ചമ്പക്കുളം, കൈനകരി, നെടുമുടി എന്നിവിടങ്ങളിൽ ജലസംഭരണികൾ, പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിൽ ഓവർഹെഡ് ടാങ്കും സ്ഥാപിക്കുന്നതാണ് മറ്റ് പാക്കേജുകൾ.

കുട്ടനാട്ടിലെ വിവിധ റോഡുകൾ, പാലങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ വികസനത്തിന് 2858 കോടിയാണ് വിനിയോഗിച്ചത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്‍റെ നവീകരണമാണ് ഇതിൽ പ്രധാനം. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സമുച്ചയ നിർമാണത്തിന് നടപടികൾ പൂർത്തിയായി. കിഫ്ബി മുഖേന 149 കോടിയുടെ പദ്ധതിയുടെ ചുമതല ഇൻകെലിനാണ്.

പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ നിർമാണത്തിന് 124.45 കോടി അനുമതി ലഭിച്ചു. ഇതിൽ 31 പ്രവൃത്തികൾ പൂർത്തിയായി. 81 കോടിയുടെ നിർമാണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Drinking water project worth Rs 615 crore in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.