ഒന്നാംഘട്ടം പൂർത്തീകരിച്ച ചെങ്ങന്നൂർ അന്താരാഷ്ട്ര സ്റ്റേഡിയം
ചെങ്ങന്നൂർ: നഗരഹൃദയത്തിൽ പൂർത്തികരിച്ച അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട നിർമാണോദ്ഘാടനവും 28ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. 2018-19ൽ 42 കോടി വകയിരുത്തി കിഫ്ബി ധനസഹായത്തോടെ നഗരസഭയുടെ അധീനതയിലുള്ള പെരുങ്കുളം പാടത്തെ 20 ഏക്കറിലാണ് സ്റ്റേഡിയം.
സിന്തറ്റിക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, പവലിയനുകൾ, ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റ് സംവിധാനം, വി.ഐ.പി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്നിശമന സംവിധാനങ്ങൾ, അടിസ്ഥാന ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഇവിടെ പൂർത്തീകരിക്കുന്നത്. ട്രാക്കും ഇൻഡോർ സ്റ്റേഡിയവും ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തൽക്കുളവും പദ്ധതിയിൽ ഉൾപ്പെടുന്നു.
സ്പോർട്സ് ഹോസ്റ്റലിന് ഒന്നാംഘട്ടമായി മൂന്നുകോടി രൂപ ഈ വർഷത്തെ ബജറ്റിൽ അനുവദിച്ചു. അന്താരാഷ്ട്ര നീന്തൽക്കുളത്തിന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച അഞ്ചു കോടിയുടെ നിർമാണ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. നീന്തൽക്കുളത്തിന് രണ്ടാംഘട്ടമായി 2.5 കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ പാർക്കിങ് ഗ്രൗണ്ട്, ഓപൺ എയർ ഓഡിറ്റോറിയം, പാർക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ തുടർപ്രവർത്തനങ്ങളായി ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.