പക്ഷിപ്പനി; പോസ്റ്റ് ഓപറേറ്റിവ് സർവെയ്‍ലൻസ് പ്ലാൻ ഉടൻ തുടങ്ങും

ആലപ്പുഴ: രണ്ടാഴ്ചയിലേറെയായി ജില്ലയിൽ പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതോടെ പക്ഷിപ്പനി നിയന്ത്രണവിധേയമായ അവസ്ഥയിലേക്ക്. നൂറനാടിനടുത്ത് തഴക്കരയിൽ കാക്കകൾ കൂട്ടത്തോടെ ചത്തുവീണതാണ് അവസാന സംഭവം. ഇതിനുശേഷം രോഗബാധ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ജില്ലയിൽ പക്ഷിവളർത്തലിന് നിരോധനമുണ്ട്.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പോസ്റ്റ് ഓപറേറ്റിവ് സർവെയ്‍ലൻസ് പ്ലാൻ നടത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. ഇതിനുള്ള അനുമതി തേടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പോസ്റ്റ് ഓപറേറ്റിവ് സർവെയ്‍ലൻസ് പ്ലാൻ തുടങ്ങും. രണ്ടു മാസം നീളുന്ന സാമ്പിൾ ശേഖരണമാണ് ഇതിൽ പ്രധാനം. രോഗബാധയുണ്ടായ സ്ഥലങ്ങളിൽ അണുനശീകരണം നടത്തിയതിന്‍റെ റിപ്പോർട്ട് സഹിതമാണ് കേന്ദ്ര സർക്കാറിന് കത്തയച്ചത്.

രോഗബാധയുണ്ടായ സ്ഥലങ്ങളിൽനിന്ന് രണ്ടാഴ്ചയിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് അയക്കും. തുടർച്ചയായി നാലു തവണ സാമ്പിളുകൾ നെഗറ്റിവ് ആയാൽ നിയന്ത്രണങ്ങളിൽ അയവു വരുത്തും. മൂന്നു മാസം രോഗബാധ ഉണ്ടാകാതിരുന്നാൽ പ്രദേശത്തെ രോഗമുക്തമായി പ്രഖ്യാപിക്കും. പിന്നീട് സാധാരണ നിലയിൽ പക്ഷികളെ വളർത്തുന്നതിനും മാംസവും മുട്ടയും ഉപയോഗിക്കുന്നതിനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമെല്ലാമുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചാലുടൻ പോസ്റ്റ് ഓപറേറ്റിവ് സർവെയ്‍ലൻസ് പ്ലാൻ തുടങ്ങും.

ജില്ലയിൽ 11 പഞ്ചായത്തുകളിലായി 14 ഇടത്താണ് രോഗബാധയുണ്ടായത്. മുഹമ്മയിലും കോടംതുരുത്തിലും തഴക്കരയിലും ഒഴികെ മറ്റെല്ലായിടത്തും കള്ളിങ് നടത്തി വൈറസുകളെ ഇല്ലാതാക്കി. മുഹമ്മയിലും കോടംതുരുത്തിലും തഴക്കരയിലും പറവകളിലാണ് രോഗം കണ്ടെത്തിയത്. ദേശാടന പക്ഷികളുടെ ഏഷ്യയിലെ പ്രധാന സഞ്ചാര പാതയാണ് കുട്ടനാട്. അതിനാലാണ് ഇവിടെ രോഗബാധ ഇടക്കിടെ ഉണ്ടാകുന്നത്. കഴിഞ്ഞ തവണ ഒന്നിനു പിറകെ ഒന്നായി പലയിടത്തും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ തീവ്രരോഗബാധ ഇത്തവണ ഉണ്ടായില്ല. ചൂട് കൂടിയതോടെ ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Bird Flu: Post-Operative Surveillance Plan to begin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.