അമ്പലപ്പുഴ: പള്ളിപ്പാനയിലെ ചടങ്ങുകളിൽ ഒന്നായ ആഴിബലി ഞായറാഴ്ച നടക്കും. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നികുണ്ഡം തീർത്ത് തൂമ്പാച്ചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം തൂമ്പാച്ചട്ടം പഴുത്തു ചുമക്കുന്ന അവസരത്തിൽ ഉറഞ്ഞുതുള്ളി വെറും കൈകളാൽ എടുത്ത് പള്ളിപ്പന്തലിനു മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണിത്.
ആഴിബലിക്ക് മുമ്പായി ശാസ്താം പുറപ്പാട് നടക്കും. തകഴി ശാസ്താവ് പള്ളിപ്പാന ദർശനത്തിനെത്തുന്നു എന്ന വിശ്വാസത്തിലാണ് ചടങ്ങ് നടക്കുന്നത്.
പള്ളിപ്പാനയുടെ ഏഴാം ദിനമായ ശനിയാഴ്ച നൂറും പാലും, ഓത്ത്, മുറോത്ത്, പാനപിടുത്തം, പാനയടി, കാലൻ പുറപ്പാട്, കാളികൂടം തുള്ളൽ എന്നീ ചടങ്ങുകൾ നടന്നു. ഉച്ചക്കുശേഷം പാനപിടുത്തവും പാനയടിയും നടന്നു.
ചെറിയ കൂമ്പുബലിയാണ് ഒമ്പതാം ദിനമായ തിങ്കളാഴ്ചത്തെ പ്രധാന ചടങ്ങ്. ആദ്യ പള്ളിപ്പാന നടത്തിയ ശിവഭഗവാനെ കൈലാസത്തിൽ നിന്നും യജ്ഞവേദിയിലേക്ക് ക്ഷണിക്കുന്ന സങ്കല്പത്തിലാണ് ചെറിയ കൂമ്പുബലി നടക്കുന്നത്. പള്ളിപ്പാനയുടെ പതിനാലാം ദിവസം ശിവ സാന്നിധ്യം അനുഭവവേദ്യമാക്കി ഒൻപതേ കാൽക്കോൽ ഉയരത്തിൽ കൂമ്പുകൾ നിർമിച്ച് വലിയ കൂമ്പുബലിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.