കാർത്തികേയൻ സംഗീതപഠന
ക്ലാസിൽ
അരൂർ: പിന്നണി ഗായിക പി. ലീലയുടെ ഗുരുനാഥൻ ഇ.വി. കുട്ടൻപിള്ളയുടെ സംഗീതവഴികൾക്ക് പിന്നാലെ ഈണത്തിൽ ആലപിക്കുകയാണ് കാർത്തികേയൻ. ഇപ്പോൾ 65ൽ എത്തിനിൽക്കുന്നു. 20ാമത്തെ വയസ്സിലാണ് സംഗീതം പഠിക്കാൻ പിതാവിനോട് താൽപര്യം അറിയിച്ചത്.
നന്നേ ചെറുപ്പം മുതലേ സംഗീതം പഠിക്കാമായിരുന്നു. അതിനുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. എന്നിട്ടും കാർത്തികേയൻ മനഃപൂർവമാണ് പഠിക്കാതിരുന്നത്, പേരുകേട്ട സംഗീതവിദ്വാന്റെ വീട്ടിലെ കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിഞ്ഞതുകൊണ്ട് മാത്രം. മക്കൾ എട്ടു പേരായിരുന്നു. ഏഴാണും ഒരു പെണ്ണും. അതിൽ പാട്ട് മൂളാത്ത ആരുമുണ്ടായിരുന്നില്ല. വീടാകെ സംഗീതമയമായിരുന്നു. മൂത്തവരിൽ രണ്ടാമത്തെ മധുസൂദനൻ സംഗീത പഠനശേഷം ചേർത്തല മുട്ടത്ത് സ്കൂളിൽ സംഗീതാധ്യാപകനായിരുന്നു.
രോഗം ചെറുപ്പത്തിലേ മധുവിനെ തട്ടിയെടുത്തു. പിന്നീടുള്ള വീട്ടിലെ അവസ്ഥ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.ഏറ്റവും ഇളയമകൻ ശിവദാസന് കലാമണ്ഡലത്തിൽ സംഗീത അധ്യാപകനായി ജോലി ലഭിച്ചപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായത്. പിതാവിന്റെ സംഗീതവഴിയുടെ പാരമ്പര്യം നിലനിർത്താൻ ഒരാൾ വേണമെന്ന് തോന്നിയപ്പോൾ മാത്രം ശാസ്ത്രീയ സംഗീതം അഭ്യസിക്കണമെന്ന് തോന്നി. പിതാവിനെതന്നെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങി.
പിതാവിന് സുഖമില്ലായിരുന്ന സമയത്തായിരുന്നു അത്. മൂന്നുവർഷക്കാലം സംഗീതപാഠങ്ങൾ പിതാവിൽനിന്ന് നേരിട്ടറിഞ്ഞു. കൂടുതൽ പഠിക്കാൻ പിതാവുതന്നെ മറ്റൊരു ഗുരുവിനെ ഏർപ്പാടാക്കി, സംഗീതാധ്യാപകനായ വെച്ചൂർ ഗോപി. വൈക്കത്തായിരുന്നു താമസം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ സംഗീത വിദ്യാർഥികൾ ട്യൂഷന് എത്തുമായിരുന്നു. അവർക്കൊപ്പം കാർത്തികേയനും പഠിച്ചു.
അരൂർ പി.കെ. മനോഹരൻ പറഞ്ഞതനുസരിച്ചാണ് മട്ടാഞ്ചേരി രാമസ്വാമി എന്ന സംഗീത വിദ്വാന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. സമുദ്രോൽപന്ന കയറ്റുമതി ശാലയിലെ രാത്രി പണി കഴിഞ്ഞ് പകൽസമയം സംഗീതപഠനത്തിന് മട്ടാഞ്ചേരിയിലേക്ക് ബസ് കയറുന്നത് അക്കാലത്തായിരുന്നു. പിന്നെ പഠനം നിർത്തി, പഠിപ്പിക്കലായി. പഠിച്ചത് ഓർമയിൽ നിൽക്കാൻ പഠിപ്പിക്കുന്നതാണ് നല്ലതെന്ന് പിതാവ് പറഞ്ഞിരുന്നു. കാൽനൂറ്റാണ്ട് ശാസ്ത്രീയ സംഗീതം കുട്ടികൾക്ക് പകർന്നുനൽകി. നൂറുകണക്കിന് കുട്ടികളെ പഠിപ്പിച്ചു.
കെടാമംഗലം സദാനന്ദൻ എഴുതിയ ‘വള്ളിതിരുമണം’ എന്ന ബാലെയുടെ പ്രധാന പാട്ടുകാരനായി. അർജുനൻ മാസ്റ്റർ ഈണം നൽകിയ വരികൾ എത്രയോ ഉത്സവപ്പറമ്പുകളിൽ പാടി. പിന്നീട് അരൂരിലെ മയൂരം ഡാൻസ് അക്കാദമിയുടെ സ്റ്റേജ് പരിപാടികളുടെ പാട്ടുകാരനായി. ഇപ്പോഴും കാർത്തികേയൻ ഈണത്തിൽ പാടുകയാണ്. മറ്റൊന്നിനുംവേണ്ടിയല്ല, സംഗീതപാരമ്പര്യം പുതിയ തലമുറകളിലേക്ക് പകർന്നുനൽകാൻ വേണ്ടി മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.