അരൂർ കരയിൽനിന്ന് ആറ് തൂണുകൾ പൂർത്തീകരിച്ചു
അരൂർ: അരൂർ -കുമ്പളങ്ങി പാലം നിർമാണം പുരോഗതിയിൽ. അരൂർ, കുമ്പളങ്ങി കരകളിൽനിന്ന് പണികൾ നടക്കുന്നുണ്ട്. കെൽട്രോൺ ഫാക്ടറിയുടെ വളപ്പിൽ 50 സെന്‍റോളം സ്ഥലം പാലം പണിയുടെ നിർമാണസാമഗ്രികൾ സൂക്ഷിക്കാനും പണികൾ നടത്താനും വിട്ടുനൽകിയിട്ടുണ്ട്.
കായലിൽ തറക്കുന്ന ആറ് തൂണുകൾക്ക് മുകളിൽ പയൽ ക്യാപ് സ്ഥാപിച്ച് അതിൽ തൂണുകൾ നിർമിച്ചാണ് പാലം പണി നടത്തുന്നത്. അരൂർ കരയിൽനിന്ന് ആറ് തൂണുകൾ പൂർത്തീകരിച്ചു. അടുത്തതിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കുമ്പളങ്ങി ഭാഗത്തുനിന്നും പണികൾ തുടങ്ങിയിട്ടുണ്ട്. 30ഓളം ജോലിക്കാർ രാത്രിയിലും പകലും ജോലി ചെയ്യുന്നുണ്ട്. 18 മാസമാണ് നിർമാണ കാലാവധി. പാലം പണി തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. കുമ്പളങ്ങി- അരൂർ കരകളെ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നതിന് 35.36 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 32 മീറ്റർ നീളത്തിൽ എട്ട് സ്‌പാനുകളിലാണ് പാലം. മൂവാറ്റുപുഴ രാഹുൽ കൺസ്ട്രക്‌ഷൻ വർക്സാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. പാലത്തിന്റെ ഇരു കരകളിലും അപ്രോച്ച് റോഡും നിർമിക്കണം. കുമ്പളങ്ങി കരയിൽ 100 മീറ്റർ ദൈർഘ്യത്തിൽ ഇതിനായി സ്‌ഥലം ഏറ്റെടുത്തിട്ടുണ്ട്. അപ്രോച്ച് റോഡിനായി അരൂരിൽ 160 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇരുഭാഗത്തും പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ സൂക്ഷിക്കാൻ സ്‌ഥല സൗകര്യങ്ങൾ ലഭ്യമാണ്. അരൂർ-കുമ്പളങ്ങി കരകളെ ബന്ധിപ്പിക്കുന്ന ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ പാലമണിത്. മറ്റൊരു പാലം കുമ്പളങ്ങി-എഴുപുന്ന പാലമാണ്. കണ്ടക്കടവ്, ചെല്ലാനം തുടങ്ങിയ കടലോര മേഖലകളിൽനിന്ന് എളുപ്പത്തിൽ അരൂരിലെ ദേശീയ പാതയിലെത്താൻ ഈ പാലം വഴി കഴിയും. ഇവിടെയുണ്ടായിരുന്ന ചങ്ങാട സർവിസ് അമ്മനേഴം-കുമ്പളങ്ങി ജനത കടത്തുകടവിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.