അക്രമി തകർത്ത വീട്ടുപകരണങ്ങൾ
ചെങ്ങന്നൂർ: രാത്രി വീടുകയറി ആക്രമിച്ച് വൈദ്യുതി മീറ്ററും ടി.വിയുമടക്കം വീട്ടുപകരണങ്ങൾ തകർത്തു. പരാതി നൽകിയപ്പോൾ പ്രതിയെ പിടിച്ചുകൊടുത്താൽ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് പൊലീസ് എന്ന് പരാതി ഉയർന്നു.രാത്രി ആളില്ലാത്ത സമയത്ത് ചെങ്ങന്നൂർ നൂറ്റവൻപാറ വടക്കേ ചരുവിൽ എൻ.ബാലകൃഷ്ണന്‍റെ (65) വീട്ടിലാണ് അക്രമി അഴിഞ്ഞാടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടി.വിയും ഡിഷ് ആന്‍റിനയും ഫാൻ, വൈദ്യുതി മീറ്റർ എന്നിവയും വീട്ടുപകരണങ്ങളും അടിച്ചുതകർത്തു.
ബാലൻ സ്ഥലത്തുണ്ടായിരുന്നില്ല. കുറച്ചുകാലമായി ഒറ്റക്ക് കഴിയുകയാണ്. രോഗബാധിതനായതിനാൽ സഹോദരിയുടെ വീട്ടിലാണ് അന്തിയുറക്കം. നിലവിൽ സഹോദരങ്ങളുടെ സംരക്ഷണയിലുമാണ്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
വീടിന് മുൻവശം പ്രധാന വാതിലിനോട് ചേർന്ന ഭിത്തിയിലെ വൈദ്യുതി മീറ്റർ അടിച്ചുതകർക്കുകയും പിറകുവശത്തെ വാതിലിന്‍റെ കതക് ഇളക്കി മാറ്റി അടുക്കളയിലുണ്ടായിരുന്ന കലവും ചട്ടിയും മറ്റ് പാത്രങ്ങളും അകത്തെ മുറിയിലുണ്ടായിരുന്ന ടി.വി, ടേബിൾ ഫാൻ എന്നിവയും തകർത്തു. ഡിഷ് ആന്‍റിന വളച്ച് മടക്കിയിരിക്കുന്നു. കേബിളും നശിപ്പിച്ചിരുന്നു.
പൊലീസിലും കെ.എസ്.ഇ.ബി അധികാരികളെയും വിവരമറിയിച്ചതിന് പിന്നാലെ പൊലീസിൽ നേരിട്ടെത്തി രണ്ടു തവണ പരാതിയും നൽകി. സ്ഥലം സന്ദർശിക്കാനോ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ സംഭവം നടന്ന് മൂന്നുദിവസം തികഞ്ഞിട്ടും ചെങ്ങന്നൂർ പൊലീസ് തയാറായിട്ടില്ല.
0വെള്ളിയാഴ്ചയും ശനിയാഴ്ച വീണ്ടും ചെങ്ങന്നൂർ സ്റ്റേഷനിലെത്തി പരാതി നൽകിയതായി വീട്ടുടമ പറഞ്ഞു. അന്വേഷിക്കുമ്പോൾ, പ്രതിയെ കണ്ടെത്തി വിളിച്ച് അറിയിച്ചാൽ തങ്ങളെത്തി അറസ്റ്റ് ചെയ്യാമെന്ന നിർദേശമാണ് പൊലീസ് നൽകിയതെന്ന് വീട്ടുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.