മാവേലിക്കര: ഇരുമുന്നണിയെയും നെഞ്ചേറ്റിയ ചരിത്രമാണ് മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക മണ്ണായ മാവേലിക്കരയുടേത്. നാടിന്റെ മണ്ണും മനസ്സും അറിഞ്ഞവർ വിജയിച്ചിട്ടുള്ള ഇവിടെ ഇക്കുറി പോരാട്ടം ശക്തമാണ്.
ജില്ലയിലെ ഏക സംവരണ മണ്ഡലമെന്ന നിലയിലും ശ്രദ്ധനേടിയ സീറ്റ് നിലനിർത്തുക എന്നത് എൽ.ഡി.എഫിന്റെ അഭിമാനമാണ്. രണ്ടുതവണ വിജയിച്ച ആർ. രാജേഷിന്റെ പകരക്കാരനായി എത്തി വിജയം കൈവരിച്ച സി. പി.എമ്മിലെ എം.എസ്. അരുൺകുമാറിനെയാണ് മണ്ഡലം നിലനിർത്താൻ രണ്ടാം തവണയും കളത്തിലിറക്കിയിട്ടുള്ളത്. സംവരണവിഭാഗത്തിൽ വന്നശേഷം ഇടതിനൊപ്പമാണ് മണ്ഡലം നിലയുറപ്പിച്ചിട്ടുള്ളത്. ഇത്തവണയും ചരിത്രം ആവർത്തിക്കുെമന്നാണ് ഇടത് വിലയിരുത്തൽ.
എന്നാൽ ഇടതു പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പഞ്ചായത്തുകളിൽ നടന്ന അട്ടിമറി വിജയത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡലത്തിലും മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇവരുടെ വാദം. എൽ.ഡി.എഫിന്റെ ചുവപ്പുകോട്ട എന്നറിയപ്പെട്ടിരുന്ന പാലമേൽ പഞ്ചായത്ത് ഭരണം ചരിത്രത്തിലാദ്യമായി യു.ഡി.എഫ് പിടിച്ചെടുത്തതും, മാവേലിക്കര നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും തിരിച്ചുവരവിന് കളമൊരുങ്ങുമെന്നതിന്റെ സൂചനയായി യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഇതിനിടയിൽ ശക്തി കാട്ടാൻ എൻ.ഡി.എയും മൽസര കളത്തിൽ നിറയുന്നു.
മാവേലിക്കര നഗരത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ് അരുൺകുമാർ വോട്ട് അഭ്യർഥിക്കുന്നു
മാവേലിക്കരയിൽ രണ്ടാമൂഴം. തഴക്കര കല്ലിമേൽ മണ്ണത്തുംപാട്ട് വീട്ടിൽ പരേതനായ സുന്ദരദാസിന്റെയും വിലാസിനിയുടെയും മകൻ. 1989 ഏപ്രിൽ 23 ന് ജനനം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവിന്റെ മരണത്തെ തുടർന്ന് ചെറുപ്പത്തിൽ തന്നെ അമ്മയ്ക്കൊപ്പം കുടുംബഭാരം ചുമലിലേറ്റി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തു.
എസ്.എഫ്.ഐയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ ഒന്നാംവർഷ പ്രതിനിധിയായും തുടർന്ന് കോളേജ് ചെയർമാനുമായി. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ തഴക്കര കല്ലിമേൽ യൂനിറ്റ് സെക്രട്ടറി, മേഖല സെക്രട്ടറി, മാവേലിക്കര ഏരിയ സെക്രട്ടറി, ജില്ല ട്രഷറർ, സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി പദവികളിലും പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ്.
യുവജന കമ്മീഷൻ ജില്ല വാളന്റിയർ, കേരള സർവ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫിഷറീസ് സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.നിലവിൽ കേരള സർവകലാശാല സെനറ്റ് അംഗമാണ്. 2026 ൽ ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച നവാഗത നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്കാരം നേടി. ഭാര്യ: സ്നേഹ. മക്കൾ: അലൈഡ, ഗ്രാംഷി.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. മുത്താര രാജ് തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
കന്നിയങ്കം. മാവേലിക്കര ജില്ല കോടതി അഭിഭാഷക. താമരക്കുളം പറയംകുളം കൊട്ടക്കാട്ടുശേരി, രെജി വില്ലയിൽ മേശരി പണിക്കാരനായ രാജേന്ദ്രന്റെയും തൊഴിലുറപ്പ്, തയ്യൽ തൊഴിലാളിയായ ഉഷയുടെയും മകളാണ്. ജൂഡോ ദേശീയ താരം. അഞ്ച് തവണ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ ജേതാവായി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കോഴിക്കോട് ഗവ. ലോ കോളജ് കെ.എസ്.യു യൂനിറ്റ് സെക്രട്ടറി, മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് താമരക്കുളം മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ സംസ്ഥാന ചെയർപേഴ്സൺ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, എ.ഐ.സി.സി എസ്.സി വിഭാഗം ദേശീയ കോർഡിനേറ്റർ, ദിശ ആലപ്പുഴ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
എൻ.ഡി.എ സ്ഥാനാർഥി കെ. അജിമോൻ ശൗര്യചക്ര സുജിത് ബാബുവിന്റെ സ്മൃതിമണ്ഡപത്തിൻ പുഷ്പാർച്ചന നടത്തുന്നു
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ പോരുവഴി വടക്കേമുറി കുഴിയത്ത് വടക്കേതില്‍ കര്‍ഷക തൊഴിലാളിയായ കൊച്ചുകുഞ്ഞിന്റെയും കശുവണ്ടി തൊഴിലാളിയായ ഭാര്‍ഗവിയമ്മയുടെയും മകൻ. ബി.ജെ.പി സംസ്ഥാന സമിതി അംഗം. പോരുവഴി പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനാപുരം ജില്ല ഡിവിഷനിൽ സ്ഥാനാര്‍ഥിയായിരുന്നു.
പെരുവിരുത്തി മലനട ദേവസ്വം മുന്‍ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി കുന്നത്തൂര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, ഭാരതീയ വ്യാപാരി വ്യവസായി സംഘ് കൊല്ലം ജില്ല കമ്മറ്റിയംഗം, ദളിത്-ആദിവാസി മഹാസഖ്യം ജില്ല പ്രസിഡന്റ്, എസ്.സി-എസ്.ടി ജില്ല പൊലീസ് മോണിറ്ററിങ് കമ്മറ്റി അംഗം എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: സചിത്ര. മക്കള്‍: അനിഷ്മ, അലന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.