യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര ​സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ വ​ട്ട​യാ​ൽ ച​ർ​ച്ചി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ശാ​ന തി​രു​നാ​ൾ ച​ട​ങ്ങി​ൽ

അമ്പലപ്പുഴയിൽ നിലനിൽപ്പിന്‍റെ പോരാട്ടം

അമ്പലപ്പുഴ: മുതിർന്ന സി.പി.എം നേതാവായിരുന്ന ജി. സുധാകരൻ യു.ഡി.എഫ് പിന്തുണയുള്ള സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തതോടെ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി. ജില്ലയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന നേതാവിന്‍റെ ചുവടുമാറ്റം മത്സരഘടനയുടെ ഗതിമാറ്റിയതാണ് ചർച്ച. എന്ത് വിലകൊടുത്തും സുധാകരനെ പരാജയപ്പെടുത്തുകയെന്നതാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാടിലൂടെ വ്യക്തമാകുന്നത്.

സമരപോരാട്ടങ്ങളുടെ ഐതിഹാസിക ചരിത്രമുറങ്ങുന്ന മണ്ഡലം നിലനിർത്താനായി ഇടതുപക്ഷവും സുധാകരനിലൂടെ തിരികെ പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയതോടെ മത്സരവാശി പ്രകടമാണ്. മണ്ഡലം ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ വിജയവും പരാജയവും നേരിട്ട മണ്ഡലമെന്ന പ്രത്യേകതയുമുണ്ട്.

മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ആത്മവിശ്വാസവുമായണ് സുധാകരൻ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിലൂടെ നേടിയ ബന്ധങ്ങൾ വോട്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സുധാകരന്‍റെ പിൻഗാമിയെന്ന നിലയിൽ ആർജിച്ച രാഷ്ട്രീയ കരുത്തുമായാണ് സിറ്റിങ് എം.എൽ.എ സലാം രംഗത്തുള്ളതെന്നതാണ് ശ്രദ്ധേയം. കരുത്തുകാട്ടാനായി എൻ.ഡി.എയും കളം നിറയുന്നു.

ജി. സുധാകരന്‍ (യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രൻ)

താമരക്കുളം പഞ്ചായത്ത്‌ വേടരപ്ലാവ്‌ വാർഡിൽ നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും മകൻ. 1967ൽ സി.പി.എം അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു. 1971ൽ എസ്.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ്, സി.പി.എം ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു.

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഫിനാൻസ് കമ്മിറ്റി അധ്യക്ഷൻ, കേരള സർവകലാശാല സെൻട്രൽ സഹകരണ സംഘം, ആലപ്പുഴ ഗ്രാമീണ വികസന ബാങ്ക്, ആലപ്പുഴ കാർഷിക വികസന ബാങ്ക്, കളർകോട് സഹകരണ സംഘം, കായംകുളം സ്പിന്നിങ് മിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചു. പ്രഥമ ജില്ല കൗൺസിൽ പ്രസിഡന്‍റ്, കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽനിന്ന് നിയമസഭാംഗം, വി.എസ് മന്ത്രിസഭയിലും ഒന്നാം പിണറായി മന്ത്രിസഭയിലും മന്ത്രി എന്നിങ്ങനെ ഭരണകർത്താവായി. ഭാര്യ: ഡോ. ജൂബിലി നവപ്രഭ. മകൻ: നവനീത്‌.

എച്ച്‌. സലാം (എല്‍.ഡി.എഫ്)

സിറ്റിങ് എം.എൽ.എ. 13ാം വയസ്സിൽ അറവുകാട്‌ ഹൈസ്കൂളിൽ എസ്‌.എഫ്‌.ഐ യൂനിറ്റ്‌ സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയ പ്രവേശനം. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി, ജില്ല ജോയന്റ്‌ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി, ജില്ല പ്രസിഡന്റ്‌, സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, സി.പി.എം ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്‌, കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി വൈസ് ചെയർമാൻ, ചേതന പാലിയേറ്റിവ് കെയർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചുമതലകൾ വഹിച്ചിട്ടുണ്ട്. 2002ൽ ദക്ഷിണാഫ്രിക്കയിൽ ലോക യുവജന സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. ഭാര്യ: നിഷാത്ത്. മക്കൾ: റോഷൻ, റിയാന. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഉച്ചിപ്പുഴയിൽ പരേതരായ ഹൈദറിന്റെയും ബീവിയുടെയും മകനാണ്.

അരുൺ അനിരുദ്ധൻ (എന്‍.ഡി.എ)

അമ്പലപ്പുഴ കോമന വെളിയിൽ അനിരുദ്ധന്‍റെയും ശ്യാമളയുടെയും മകൻ. യുവമോർച്ചയിലൂടെ രാഷ്ട്രീയ പ്രവേശനം. ബി.ജെ.പി നോർത്ത് ജില്ല ജനറൽ സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ്, യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്, ജില്ല കമ്മിറ്റിയംഗം, ജില്ല സെൽ കോഒാഡിനേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ജില്ല ജനറൽ സെക്രട്ടറിയാണ്. ഭാര്യ: നയന അരുൺ. മക്കൾ: ഉത്തരാ കൃഷ്ണ, രഘുനന്ദൻ, നരേന്ദ്രൻ.

Tags:    
News Summary - The struggle for survival in Ambalapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.