1.എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രസാദ് തൈക്കൽ കയർ ഫാക്ടറി തൊഴിലാളികളെ കാണുന്നു 2.യു.ഡി.എഫ് സ്ഥാനാർഥി കെ.ആർ. രാജേന്ദ്രപ്രസാദ് തണ്ണീർമുക്കത്ത് കക്കാട് തൊഴിലാളികളെ കാണുന്നു 3.എൻ.ഡി.എ സ്ഥാനാർഥി അനന്തരാജ് വാരനാട് വാദ്യാട്ട് കളരിക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു
ഇടതിനോടും വലതിനോടും മമത; ആരെയും തോൽപിക്കുന്ന മണ്ണ്
ചേർത്തല: രാഷ്ട്രീയക്കാരായ കരുത്തരെ കൈപിടിച്ചുയർത്തിയ മണ്ഡലമാണ് ചേർത്തല. പുന്നപ്ര-വയലാർ രക്തസാക്ഷി സ്മരണകളിരമ്പുന്ന മണ്ഡലത്തിൽ ചുവപ്പിനോടാണ് പ്രിയം. കെ.ആർ. ഗൗരിയമ്മ, എ.കെ. ആന്‍റണി, വയലാർ രവി, സി.കെ. ചന്ദ്രപ്പൻ, പി. തിലോത്തമൻ തുടങ്ങിയ പ്രമുഖകരുടെ പേരുകൾ കേട്ടാൽ കൃത്യമായ രാഷ്ട്രീയ നിലപാടുകളും പ്രകടമാണ്. തുടർവിജയം ലക്ഷ്യമിട്ടാണ് മന്ത്രിയും സി.പി.ഐ സ്ഥാനാർഥിയുമായ പി. പ്രസാദ് പോരിനിറങ്ങുന്നത്. കന്നിയങ്കക്കാരനും കോൺഗ്രസിലെ കെ.ആർ. രാജേന്ദ്ര പ്രസാദാണ് എതിരാളി. എസ്.എൻ.ഡി.പിക്ക് സ്വാധീമുള്ള മണ്ണിൽ ബി.ഡി.ജെ.സിന്‍റെ അഡ്വ. ടി.പി. അനന്തരാജാണ് സ്ഥാനാർഥി.
നൂറനാട് നിന്നും ചേർത്തലയിലെത്തി മത്സരിച്ച് വിജയിച്ച പി. പ്രസാദ് ഇത്തവണയും സ്ഥാനം ഉറപ്പിച്ച സ്ഥിതിയിലാണ് പ്രചാരണം. സാധാരണ കുടുംബത്തിൽ നിന്ന് വളർന്ന് രാഷ്ട്രീയ രംഗത്ത് എത്തിയ കെ.ആർ. രാജേന്ദ്രപ്രസാദിന്‍റെ കന്നിയങ്കമാണ്. അഞ്ചുവർഷത്തെ വികസന മുരടിപ്പുള്ള ഭരണത്തകർച്ച അവതരിപ്പിച്ചാണ് തെരെഞ്ഞെടുപ്പ് പ്രചാരണം. വോട്ടുവിഹിതം കൂട്ടാനാണ് എൻ.ഡി.എയുടെ മത്സരം. 2021 തെരഞ്ഞെടുപ്പിൽ പി.പ്രസാദ് 61,48 വോട്ടുകൾക്കാണ് വിജയിച്ചത്. 2016ൽ കോൺഗ്രസിലെ എസ്. ശരത്തിനെ വീഴ്ത്തി പി. തിലോത്തമൻ ആദ്യഹാട്രിക്ക് വിജയവും നേടിയെന്നതും ചരിത്രമാണ്. എന്നാൽ, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2025 തദ്ദേശത്തിൽ ഇത് തിരിച്ചുപിടിച്ചായിരുന്നു ഇടത് മേൽക്കോയ്മ. ചേർത്തല നഗരസഭക്കൊപ്പം കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ ഇടതും പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക് എന്നിവിടങ്ങളിൽ യു.ഡി.എഫുമാണ് ഭരിക്കുന്നത്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ ആധിപത്യം എൽ.ഡി.എഫിനായിരുന്നു.
പി. പ്രസാദ് (എൽ.ഡി.എഫ്)
കൃഷിമന്ത്രി. ചേർത്തലയിൽ രണ്ടാമങ്കം. സി.പി.ഐ ദേശീയ കൗൺസിൽ അംഗമാണ്. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സി.പി.ഐ പത്തനംതിട്ട ജില്ലസെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. ജനകീയ സമരങ്ങളുടെ മുൻനിരയിൽ നിന്നതിന്റെ പേരിൽ നിരവധി തവണ ക്രൂരമായ പൊലീസ് മർദനങ്ങൾ ഏറ്റുവാങ്ങി. 34 തവണ ജയിൽ വാസം അനുഭവിച്ചു. പാലമേൽ പഞ്ചായത്ത് നൂറനാട് മറ്റപ്പള്ളിയിൽ ജി. പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനാണ്. പിതാവ് പരമേശ്വരൻ നായർ എ.ഐ.ടി.യു.സി നേതാവും സി.പി.ഐ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ: ലിനി. മക്കള്‍: ഭഗത്, അരുണ അൽമിത്ര.
കെ.ആർ. രാജേന്ദ്രപ്രസാദ് (യു.ഡി.എഫ്)
നിയമസഭയിലേക്ക് കന്നിയങ്കം. മുൻ ജില്ല പഞ്ചായത്തംഗം. കയർ കോർപറേഷൻ ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം, കയർഫെഡ് വൈസ് പ്രസിഡന്‍റ്, കയർ ബോർഡ് മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ ഉഴുവ സർവിസ് സഹകരണബാങ്ക് പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്, കേരള സഹകരണ -ജനാധിപത്യവേദി ജില്ല ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നു.
അഡ്വ. ടി.പി. അനന്തരാജ് (എൻ.ഡി.എ)
കന്നിയങ്കം. തുറവൂർ കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡിൽ പറയകാട് തറയിൽ വീട്ടിൽ കുത്തിയതോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.ആർ. പൊന്നപ്പന്റെയും അംബികയുടേയും മകനാണ്. ചേർത്തല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ബി.ഡി.വൈ.എസ് ആലപ്പുഴ നോർത്ത് ജില്ല പ്രസിഡന്റാണ്. ഭാര്യ: അഭിരാമി ചേർത്തല സബ് കോടതിയിലെ ക്ലർക്കാണ്. മകൾ: അൻവിക.
2021 നിയമസഭ
പി. പ്രസാദ് (എൽ.ഡി.എഫ്)-83,702
എസ്. ശരത് (യു.ഡി.എഫ്)-77,554
അഡ്വ. പി.എസ്. ജ്യോതിസ് (എൻ.ഡി.എ)-14,562
ഭൂരിപക്ഷം: 6148
2024 ലോക്സഭ
കെ.സി. വേണുഗോപാൽ (യു.ഡി.എഫ്)-65,888
എ.എം. ആരിഫ് (എൽ.ഡി.എഫ്)-59,715
ശോഭാ സുരേന്ദ്രൻ (എൻ.ഡി.എ)-42,423
ഭൂരിപക്ഷം: 6,173
2025 തദ്ദേശം
എൽ.ഡി.എഫ്-79636
യു.ഡി.എഫ്-66510
എൻ.ഡി.എ-25434
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.