ചെങ്ങന്നൂർ: പി. കൃഷ്ണ പിള്ള സ്മാരകം തകർത്ത സംഭവത്തിൽ പ്രതികരണവുമായി സജി ചെറിയാനും. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു നേതൃത്വം നൽകിയ പി. കൃഷ്ണപിള്ളയെ ആക്ഷേപിക്കുന്ന തരത്തിലാണ് ജി.സുധാകരന്റെ പ്രസ്താവനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗവും സ്ഥാനാർഥിയുമായ സജി ചെറിയാൻ പ്രതികരിച്ചു. മന്ദിരം തകർത്തവർക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നത്. പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാനും ആക്ഷേപിക്കാനുമായി എന്തു വിലകുറഞ്ഞ അഭിപ്രായ പ്രകടനം നടത്താനും കഴിയുന്ന തരത്തിലേക്ക് അദ്ദേഹം അധഃപതിച്ചതിൽ ദുഃഖമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ നാലുവോട്ടിന് വേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പരാജയ ഭീതികൊണ്ടാണ്. ഇതിന് കടുത്ത മറുപടി അമ്പലപ്പുഴയിലെ ജനങ്ങൾ നൽകും. തനിക്ക് കഞ്ഞിക്കുഴിയിൽ പാർട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി 2.30ന് താൻ അവിടെയെത്തിയിരുന്നുവെന്ന സുധാകരന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ആക്രമണം നടന്നതായി പുലർച്ചെ ആറിനാണ് താൻ അറിയുന്നത്. രാവിലെ 8.30നാണ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് ശക്തമായ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ അവരുടെ പൊലീസ് അന്വേഷിച്ച് ചിലരെ കുറ്റക്കാരായി കണ്ടെത്തി കേസെടുത്തു. കേസ് പിന്നീട് കോടതി തള്ളി. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. സംഭവമറിഞ്ഞ് വി.എസും പിണറായിയും സ്ഥലത്ത് എത്തിയിരുന്നു. ശക്തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ല പോയത്. ഇതിന്റെ ഉത്തരവാദിത്വം കോൺഗ്രസ് സർക്കാരിനാണ്. അങ്ങനെയുള്ള കോൺഗ്രസിന് ഒപ്പം നിന്നാണ് ജി. സുധാകരൻ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.