കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

ഗ്യാസ് സബ്‌സിഡി മാതൃക റേഷൻ രംഗത്ത്: എതിർക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ

ചേർത്തല: ഗ്യാസ് സബ്‌സിഡി മാതൃകയിൽ പണം മുൻകൂർ വാങ്ങി പിന്നീട് അക്കൗണ്ടിലേക്ക് തിരികെ നൽകുന്ന പരീക്ഷണം റേഷൻ രംഗത്ത് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പൊതുവിതരണ സമ്പ്രദായത്തിന്റെ നട്ടെല്ല് റീട്ടെയിൽ വ്യാപാരികളാണ്. റേഷൻ കടകളിലെ പോസ് മെഷീൻ ഇടയ്ക്കിടെ തകരാറിലാകുന്നതായി സാധാരണക്കാർ പരാതിപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 45 ക്വിന്റൽ അരി വിതരണം ചെയ്യുമ്പോൾ പോലും 21,000 രൂപ മാത്രം കിട്ടുന്ന സാഹചര്യത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വ്യാപാരികൾ പ്രയാസപ്പെടുകയാണ്. കമീഷൻ 18,000 രൂപയാക്കണമെന്ന ആവശ്യത്തിന് പൂർണ പിന്തുണയുണ്ടെന്നും അവർ വ്യക്തമാക്കി.

ഒരു വീട്ടിൽ പോലും അടുപ്പ് പുകയാതിരിക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നത്. കേരളത്തിൽ അരി കൂടി റേഷനിൽ ഉൾപ്പെടുത്തിയത് ഇന്ദിരാഗാന്ധിയുടെ ഇടപെടലിലൂടെയാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചേർത്തല എൻ.എസ്.എസ് യൂനിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷത വഹിച്ചു.

പി.പ്രസാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ എസ്. സോബിൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാരക്കാട്ട്, സെക്രട്ടറി ജെയിംസ് വാഴക്കാല, എറണാകുളം ജില്ലാ പ്രസിഡന്റ് എബ്രഹാം, താലൂക്ക് പ്രസിഡന്റ് ഇ.വി. തിലകൻ, സെക്രട്ടറി വി. രാഹുലേയൻ, എൻ. രാജീവൻ, രാജ് ഖാൻ എന്നിവർ സംസാരിച്ചു.

റേഷൻ കടകൾ ഏറ്റെടുക്കാൻ മടിക്കുന്നു: പി. പ്രസാദ് എം.എൽ.എ

ചേർത്തല: മുൻകാലത്ത് പദവിയും പത്രാസുമുണ്ടായിരുന്ന റേഷൻ കടകൾ ഇന്ന് ആരും ഏറ്റെടുക്കാൻ മടിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് പി. പ്രസാദ് എം.എൽ.എ പറഞ്ഞു. റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിതരണ സംവിധാനം രാജ്യത്തിന് മാതൃകയാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ഇടപെടാൻ കഴിയുന്നത് ഈ ശൃംഖലയുള്ളതുകൊണ്ടാണ്. അരിവില 75-100 രൂപയാകുമ്പോൾ വില നിയന്ത്രിക്കാൻ സംഭരണവും വിതരണ സംവിധാനവും വേണം. കെ-റൈസ് പോലുള്ള പദ്ധതികൾ കൊണ്ട് മാത്രം എല്ലാ വീടുകളിലും എത്തിക്കാനാകില്ല. അതുകൊണ്ട് റേഷൻ കടകൾ നിലനിൽക്കണം. നടത്തിപ്പുകാർക്ക് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും സർക്കാരിന്റെ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Deputy Speaker Opposes Gas Subsidy Model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.