കായംകുളം: പൊലീസിന് എതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട സി.പി.എം നേതാവിനെ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറിയും ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സാജിദ് ഷാജഹാനെയാണ് അറസ്റ്റ് ചെയ്തത്. ചേരാവള്ളിയിൽ വീട് കയറി അക്രമിച്ച സംഭവത്തിലാണ് നടപടി.
എം.എസ്.എം കോളജിൽ കഴിഞ്ഞ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ചേരാവള്ളിയിൽ വീട് കയറി അക്രമണം ഉണ്ടായത്. ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഈ വിഷയത്തിൽ പൊലീസിനെ വിമർശിച്ച് പോസ്റ്റിട്ടതോടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
''പൊലീസ് ഒരു കാര്യം മറന്നു. ഇവിടെ ഭരിക്കുന്നത് പിണറായിയാണ് അടിച്ചാൽ തിരിച്ച് അടിക്കും. നല്ലപോലെ കിട്ടി കായംകുളത്തെ ചില ഏമാന്മാർക്ക്. സഖാക്കളുടെ നേരെ കുതിര കയറാൻ വന്നാൽ തിരിച്ചടിക്കും കട്ടായം. വിപ്ലവം വിജയിക്കട്ടെ ലാൽസലാം സഖാക്കളേ...''-എന്നായിരുന്നു സാജിദിന്റെ പോസ്റ്റ്'.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സാജിദ്. നേരത്തെ സർക്കാർ ആശുപത്രി ആക്രമണ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടി നടപടിക്ക് വിധേയനായിരുന്നു. അടുത്തിടെയാണ് തിരിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.