ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്കുനേരെ തിരുവനന്തപുരം കുമാരപുരത്തെ റിഹാബിലിറ്റേഷൻ സെന്‍ററിൽ നടന്ന ക്രൂരമായ മർദനത്തിൽ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴിയെടുത്തു. 75 ശതമാനം കാഴ്ചശക്തിയില്ലാത്ത പെൺകുട്ടിക്ക് ഹൃദ്രോഗമുണ്ട്. മത്സ്യത്തൊഴിലാളിയായ പിതാവിന്റെ ആകസ്മിക വിയോഗത്തിന്റെ വേദനയിലായിരുന്ന കുട്ടിയെ സ്വയം പര്യാപ്തയാക്കുന്നതിനാണ് ഭിന്നശേഷിക്കാരെ പരിചരിക്കുന്ന അഭയ കേന്ദ്രത്തിലാക്കിയത്.
കാഴ്ചയില്ലാത്ത കുട്ടിയുടെ കരണത്ത് അടിച്ചതിന് ശേഷം മുടിക്ക് കുത്തിപ്പിടിച്ച് പടികളിലൂടെ വലിച്ചു താഴെ ഇട്ടതായും കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കമിഴ്ത്തി ഇട്ടതായും കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദിച്ചതിനെതിരെ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസെടുത്ത് കോടതിക്ക് കൈമാറിയത്.
പെൺകുട്ടിക്ക് മാനസികവും ശാരീരികവുമായ കൊടിയ പീഡനമാണ് അഭയകേന്ദ്രത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിനെതിരെയും സ്ഥാപനത്തെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി വകുപ്പിനും ജില്ല കലക്ടർക്കും മനുഷ്യാവകാശ കമീഷനും സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.