ട്രാഫിക് നിയമലംഘനം; അരൂരിൽ അപകടങ്ങൾ പതിവാകുന്നു
അരൂർ: ദേശീയപാതയിൽ അരൂർ പള്ളിക്ക് മുന്നിൽ ട്രാഫിക് നിയമം ലംഘിച്ച് എതിർദിശയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് പതിവാകുന്നു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിലാണ് മാസങ്ങളായി നിയമലംഘനം നടക്കുന്നത്. പൊലീസും ഗാർഡുമാരും നോക്കിനിൽക്കെയാണിത്. പള്ളി-കോട്ടപ്പുറം റോഡിലൂടെ ദേശീയപാതയിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ തെക്കോട്ട് പോകുന്നതിനുപകരം നിയമവിരുദ്ധമായി വടക്കോട്ട് യാത്ര ചെയ്യുന്നതാണ് അപകടങ്ങൾക്കിടയാകുന്നത്.
രാവിലെ ഏഴുമുതൽ 10വരെയാണ് നിയമലംഘനം കൂടുതലായി കാണുന്നത്. കൊച്ചി നഗരത്തിലേക്ക് ജോലിക്കും കച്ചവടാവശ്യത്തിനും പോകുന്നവരാണ് നിയമലംഘകരിലേറെയും. പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പ്രദേശങ്ങളിൽനിന്ന് അരൂക്കുറ്റി-പള്ളിയറക്കാവ് റോഡ് വഴി അരൂർ പള്ളിക്ക് സമീപമുള്ള ദേശീയപാതയിലെത്തുന്ന വാഹനയാത്രികർ ആലപ്പുഴ ഭാഗത്തേക്ക് വേഗത്തിൽ പായുന്ന വാഹനങ്ങൾക്ക് അഭിമുഖമായാണ് യാത്ര ചെയ്യുന്നത്.
അരൂർ പള്ളിക്ക് മുന്നിലെ മീഡിയൻ ഗ്യാപ്പിലൂടെ എതിർവശത്തുള്ള രണ്ടുവരിപ്പാതയിലേക്ക് വാഹനങ്ങൾ കടത്തുന്നത് സാഹസികമായാണ്. തിങ്കളാഴ്ച ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത പിഞ്ചുകുഞ്ഞുൾപ്പെടെ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിയമം ലംഘിച്ചയാൾ നിർത്താൻ പോലും കൂട്ടാക്കാതെ വാഹനം ഓടിച്ചുപോയി.
പരിസരത്തുള്ള വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും നിയമലംഘന യാത്രയ്ക്കെതിരെ പരാതിപ്പെട്ടിട്ടും പരിഹാരമില്ലത്രെ. ഉയരപ്പാത നിർമാണത്തിനായി മാസങ്ങൾക്കുമുമ്പ് താൽക്കാലികമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം ഇപ്പോഴും തുടരുന്നതാണ് നിയമം ലംഘിച്ചുള്ള യാത്രക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.