പ്രതീകാത്മക ചിത്രം

പി.കെ. കാളൻ ഭവനപദ്ധതിയിൽ അഴിമതി; അന്വേഷിക്കാൻ മന്ത്രിയുടെ ഉത്തരവ്

ആലപ്പുഴ: ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങൾക്കായി കുടുംബശ്രീ വഴി നടപ്പാക്കിയ പി.കെ. കാളൻ ഭവനപദ്ധതിയിലെ അഴിമതിയെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ മന്ത്രി കെ.എം. ഷാജി ഉത്തരവിട്ടു. ആലപ്പുഴ നഗരസഭ, പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളിലെയും വീടുകളുടെ നിർമാണപ്രവർത്തനങ്ങളിലെ ക്രമക്കേടാണ് അന്വേഷിക്കുക.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറി എൻ.ടി. ലീനയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയമിച്ചു. പദ്ധതിയുടെ ടെൻഡർ നടപടി മുതൽ നിർമാണ നിർവഹണം വരെയുള്ള മുഴുവൻഘട്ടങ്ങളും പുനഃപരിശോധിക്കാനാണ് നിർദേശം.

കുടുംബശ്രീ നിർമിച്ചതും പുനരുദ്ധരിച്ചതുമായ 88 വീടുകളിൽ 44 വീടുകൾ ചോർച്ചയും മറ്റുംമൂലം വാസയോഗ്യമല്ലാതായ സംഭവത്തിലാണ് അന്വേഷണം. സമാനപദ്ധതി മറ്റുജില്ലകളിൽ എതെങ്കിലും പേരുകളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിൽ അവയും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിന്റെ റിപ്പോർട്ട് മൂന്നു മാസത്തിനകം പ്രത്യേകം നൽകണം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാലിനെ മന്ത്രി ചുമതലപ്പെടുത്തി.

കുടുംബശ്രീ നിർമിച്ചും പുനരുദ്ധരിച്ചും നൽകിയ 88 വീടുകളിൽ 44 എണ്ണം വാസയോഗ്യമല്ലാതായിരുന്നു. ഇതിൽ 38 വീടുകളുടെ അറ്റകുറ്റപ്പണി കുടുംബശ്രീ നടത്തി നൽകി. ബാക്കിയുള്ള വീടുകളിൽ ചിലതിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുമുണ്ട്. എന്നാൽ, നിർമാണത്തിൽ വീഴ്ചവരുത്തിയ കുടുംബശ്രീയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഏജൻസിക്കെതിരെയോ നടപടിയെടുത്തിരുന്നില്ല. ഇതിനിടെ ക്രമക്കേട് ചോദ്യം ചെയ്ത എസ്.ടി. പ്രമോട്ടറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കുടുംബശ്രീയിലെ ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്തു. എന്നിട്ടും അഴിമതിയാരോപണത്തിൽ അന്വേഷണമുണ്ടായില്ല.

നിർമാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്താൻ സിവിൽ എൻജിനിയറെയും സ്ട്രക്ചറൽ വിദഗ്ദ്ധരെയും സംലത്തിൽ ഉൾപ്പെടുത്തും. ഇക്കൂട്ടത്തിൽ കുറ്റക്കാരെ സംരക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അഴിമതിക്കും വീഴ്ചകൾക്കും കാരണക്കാരായ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശനനിയമ അച്ചടക്ക നടപടികൾക്ക് ശിപാർശ ചെയ്യാനും നിർദേശിച്ചു. അന്വേഷണം പൂർത്തിയാക്കി 30ദിവസത്തിനകം അന്തിമറിപ്പോർട്ട് നൽകണം. കൊടിക്കുന്നിൽ സുരേഷ് എം.പി, കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിൽ ഷെരീഫ്, എസ്.ടി. പ്രമോട്ടർ കെ.ജെ. നിജേഷ് എന്നിവർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Corruption in PK Kalan housing project; Minister orders investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.