അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിനായി നിർമിച്ച കെട്ടിടങ്ങൾ മേൽക്കൂര ദ്രവിച്ച് നശിച്ച നിലയിൽ

അവഗണനയുടെ സ്മാരകമായി അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രം

ചേർത്തല: വിനോദസഞ്ചാര ഭൂപടത്തിൽ തിളങ്ങേണ്ട അന്ധകാരനഴി ഇന്ന് അവഗണനയുടെ സ്മാരകമായി മാറിയിരിക്കുകയാണ്. കടലും കായലും ഒന്നിക്കുന്ന അഴിമുഖം, വെള്ളിവിതറിയപോലെ പഞ്ചാരമണൽ പരന്നുകിടക്കുന്ന തീരം, ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ്, കടലിൽ നിരന്നു നിൽക്കുന്ന ചീനവലകൾ ഇതെല്ലാം പ്രയോജനപ്പെടുത്താൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. വിനോദസഞ്ചാര കേന്ദ്രത്തിനായി ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പൂർണമായും നശിച്ച അവസ്ഥയിലാണ്.

ടൂറിസം വികസനത്തിന്റെ പേരിൽ നിർമിച്ച നടപ്പാതയിൽ പാകിയ ടൈലുകൾ പലയിടത്തും പൊട്ടി തകർന്നു കിടക്കുന്നു. വാക്ക്-വേയുടെ ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള കൈവരികൾ പൂർണമായും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. ഇവിടുത്തെ മത്സ്യലേല ഹാളിന്റെയും റസ്റ്റോറന്റ് കെട്ടിടത്തിന്റെയും മേൽക്കൂര തകർന്നു വീഴാറായ അവസ്ഥയിലാണ്. റസ്റ്റോറന്റിനായി നിർമിച്ച കെട്ടിടത്തിന്റെ ഇരുമ്പ് മേൽക്കൂര തകർന്നതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. കോൺക്രീറ്റ് മേൽക്കൂര പണിയാൻ എന്ന പേരിലാണ് ഇത് പൊളിച്ചത്. എന്നാൽ പിന്നീട് യാതൊരു നിർമാണ പ്രവർത്തനവും നടന്നില്ല. ഇപ്പോൾ മഴയും വെയിലും കൊണ്ട് ആ കെട്ടിടം നാശോൻമുഖത്താണ്.

പ്രദേശമാകെ പുല്ലും വള്ളിപ്പടർപ്പുകളും വളർന്ന് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ഇതിന്റെ വികസനത്തിനായി ഡി.ടി.പി.സി പല വൻ പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം ജലരേഖയായി.

അന്ധകാരനഴി അരൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് അന്നത്തെ അരൂർ എം.എൽ.എ എ.എം. ആരിഫ് അന്ധകാരനഴി ടൂറിസം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് മണ്ഡല പുനർവിഭജനത്തിൽ പ്രദേശം ചേർത്തല നിയോജക മണ്ഡലത്തിന്റെ ഭാഗമായി. അതോടെ വികസനം മുരടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഏറെ വികസന സാധ്യതയുള്ള അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിന് പുതുജീവൻ പകരാൻ പുതിയ സർക്കാരിന്റെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണ് തീരദേശവാസികൾ.

Tags:    
News Summary - Andhakaranazhi Tourist Spot Neglected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.