‘ശ്രീനാരായണ ഗുരുവിന്‍റെ പേരുപറഞ്ഞ് ഹിന്ദുത്വത്തെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ എതിർക്കും’; വെള്ളാപ്പള്ളിയെ പരോക്ഷമായി വിമർശിച്ച് എംവി ഗോവിന്ദൻ

ആലപ്പുഴ: എസ്​.എൻ.ഡി.പി ​യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനമുയർത്തി സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്‍റെ പേരുപറഞ്ഞ്​ ഹിന്ദുത്വത്തെ കൂട്ടിക്കെട്ടാൻ​ ശ്രമിച്ചാൽ എതിർക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

പുന്നപ്ര -വയലാർ വാരാചരണ ഭാഗമായി മാരാരിക്കുളം രക്തസാക്ഷി അനുസ്‍മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എസ്.എൻ.ഡി.പിയുടെ ഭാഗമായിനിന്ന്‌ ശ്രീനാരായണ ഗുരുവിന്റെ ദാർശനിക കാഴ്‍ചപ്പാടും വ്യതിചലിപ്പിക്കാൻ ശ്രമിച്ചാൽ അതിനെ വിമർശനാത്മകമായി ചൂണ്ടിക്കാട്ടും. അതിനുള്ള അവകാശം കമ്യൂണിസ്റ്റ്​​ പ്രസ്ഥാനങ്ങൾക്കുണ്ട്‌. ഞാനിത് ചേർത്തലയിൽ വന്ന്​ പറയുന്നത് എന്നെയും പി. ജയരാജനെയും ചേർത്തുകൊണ്ട് ഞങ്ങൾ തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നതെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ ഈ പറയുന്നതാണ് ചരിത്രം. സനാതനധർമത്തിന്റെ പേര് പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ പേര് ഹിന്ദുത്വവുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ അതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട്​.’ -ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതിനിടെ, വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ രംഗത്തെത്തിയിരുന്നു. പുന്നപ്ര -വയലാർ രക്തസാക്ഷി വാരാചരണ പ്രസംഗത്തിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാകണം സംവാദം തുടങ്ങേണ്ടതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

1935-ൽ നിവർത്തന പ്രക്ഷോഭ കാലത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ഓർമ്മിപ്പിച്ചാണ് ജയരാജന്റെ കുറിപ്പ്.

ഈഴവരെ 'ചണ്ഡാലർ' എന്ന് ആക്ഷേപിച്ചതിൽ അമർഷം രേഖപ്പെടുത്തി "ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല" എന്ന് സി. കേശവൻ പ്രഖ്യാപിച്ചിരുന്നു. സർ സി.പി. രാമസ്വാമി അയ്യരെ 'ജന്തു' എന്ന് വിശേഷിപ്പിക്കുകയും, 'ജന്തു എന്നത് ഹിന്ദുവാണ്' എന്ന് തുറന്നടിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചത്.

സനാതന ധർമ്മത്തിന്റെ പേരിൽ ഹിന്ദുമതം മുന്നോട്ടുവെച്ച അസമത്വങ്ങളെയും വിവേചനങ്ങളെയും വെല്ലുവിളിച്ച സി. കേശവനിൽ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.