അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മഴ കനക്കുന്നതിനു മുമ്പ് പരമാവധി ജോലികൾ തീർക്കാനായി കരാർ കമ്പനി ദ്രുതഗതിയിൽ ജോലികൾ നീക്കുന്നതിനിടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതാണ് ഗതാഗത തടസ്സത്തിന് കാരണം.
ചരക്ക് ലോറിയടക്കം വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പാലിക്കാത്തത് പാതയിൽ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. ഒരാഴ്ചയായി ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരമണിക്കൂർ ഇടവിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.
അരൂർ-തുറവൂർ ഉയരപ്പാത നടക്കുന്ന 12.75 കിലോമീറ്റർ ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വീതി കൂട്ടിയ ഭാഗങ്ങളിൽ പെയ്ത്തുവെള്ളം കെട്ടി നിൽക്കുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽനിന്നു അരൂക്കുറ്റി റോഡ് വഴി തിരിഞ്ഞ് തുറവൂർ, ചേർത്തല എന്നിവിടങ്ങളിലുടെയും അതുപോലെ വൈറ്റിലയിൽനിന്നു കോട്ടയം വഴിയും ആലപ്പുഴ ഭാഗത്തുനിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു ടി.ഡി. റോഡ് വഴി തോപ്പുംപടിയിലേക്ക് പോകണമെന്നായിരുന്നു നിർദേശം. എന്നാൽ, ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട് അധികൃതർ ഗൗരവത്തോടെ എടുക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.