കടൽ പ്രക്ഷുബ്ധമായതോടെ ആലപ്പുഴ ബീച്ചിൽ ഉയർന്ന തിരമാല
ആലപ്പുഴ: കടലാക്രമണഭീതിയിൽ ആലപ്പുഴയിലെ തീരദേശം. കാലവർഷത്തിൽ കനത്തമഴ തുടരുന്നതിനൊപ്പം പലയിടത്തും കടൽ കരയിലേക്ക് കയറുമെന്ന ആശങ്കയിലാണ് തീരവാസികൾ. വെള്ളിയാഴ്ച രാത്രി 11.30 മുതൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 3.5 മീറ്റർ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് കണക്കിലെടുത്ത് ജാഗ്രതനിർദേശവുമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈസമയത്ത് കടലിലേക്ക് ഇറക്കരുത്. കടലിലേക്ക് മത്സ്യബന്ധനയാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ബീച്ചുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരം ഉൾപ്പെടെയുള്ളവയും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ജില്ലയിൽ അമ്പലപ്പുഴ ഒറ്റപ്പന, കാക്കാഴം, പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വലിയഴീക്കൽ, കാട്ടൂർ, ഒറ്റമശ്ശേരി പ്രദേശങ്ങളിലാണ് കടൽക്ഷോഭത്തിന് സാധ്യതയുള്ളത്. ഇതിൽ പുന്നപ്ര തെക്ക് പഞ്ചായത്തിലെ നർബോധ, വിനായി ബീച്ച്, കൊച്ചുപൊഴി പ്രദേശങ്ങളിൽ കടൽഭിത്തിയില്ലാത്തതിനാൽ വീടുകളിലേക്ക് ജലം ഇരച്ചുകയറുമെന്ന ആശങ്കയുണ്ട്.
ഒറ്റപ്പനയിൽ കടൽത്തീരവും ദേശീയപാതയും തമ്മിലുള്ള അകലം 50 മീറ്ററിൽ താഴെയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് കടൽക്ഷോഭമുണ്ടായത്. ആ സാഹചര്യം ഇപ്പോഴും മാറിയിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏത്സമയവും ആവർത്തിച്ചേക്കാൻ ഇടയുള്ളതിനാൽ ആശങ്കയേറെയാണ്.
നേരത്തെയുണ്ടായ കടൽക്ഷോഭത്തിൽ പലയിടത്തും മണ്ണ് ഒലിച്ചുപോയതിനാൽ ചില മേഖലകൾ ദുർബലമാണ്. ഇവിടുത്തെ തെങ്ങുകളടക്കം കടപുഴകാനുള്ള സാധ്യതയുണ്ട്. അടുത്തിടെയുണ്ടായ കടലേറ്റത്തിൽ കടൽഭിത്തിയുള്ള സ്ഥലങ്ങളിൽ പോലും തിരമാലകൾ കരയിലേക്ക് അടിച്ചുകയറി ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.