കോൺഗ്രസ് കൗൺസിലർമാർ ആലപ്പുഴ നഗരസഭ കവാടത്തിൽ ചെയർപേഴ്സൻ സൗമ്യരാജിനെ തടയുന്നു
ആലപ്പുഴ: ലഹരികടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ. ഷാനവാസ് അധ്യക്ഷനായ ക്ഷേമകാര്യസമിതിയോഗം കൂടുന്നതിനെച്ചൊല്ലി ആലപ്പുഴ നഗരസഭയിൽ സംഘർഷം.പ്രതിപക്ഷാംഗങ്ങൾ നഗസഭാധ്യക്ഷ സൗമ്യരാജിനെ തടഞ്ഞു. പ്രതിരോധവുമായി ഭരണകക്ഷി കൗൺസിലമാർ രംഗത്തിറങ്ങിയതോടെയായിരുന്നു സംഘർഷം. പൊലീസ് ബലംപ്രയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കിയാണ് ചെയര്പേഴ്സന് നഗരസഭ ഓഫിസിലേക്ക് വഴിയൊരുക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
എ. ഷാനവാസിനെതിരെ ലഹരിക്കടത്ത് ആരോപണം ഉയര്‍ന്നശേഷം ഒരു മാസമായി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നില്ല. മാസത്തില്‍ ഒരുതവണയെങ്കിലും യോഗം ചേരണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് മാസാവസാനമായ 31ന് യോഗം ചേരാന്‍ അറിയിപ്പ് നല്‍കിയത്. എന്നാല്‍, അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെ ഫോണ്‍ വിളിച്ചാണ് അറിയിപ്പ് നൽകിയത്. കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. റീഗോ രാജുവിന്റെ നേതൃത്വത്തില്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. ഇതിനിടെ ക്വാറം തികയാതെ യോഗം മാറ്റിവെച്ചു.
തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരാത്തതിനാല്‍ പെന്ഷന് വിതരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നഗരസഭകവാടത്തില്‍ കുത്തിയിരുന്നു. ഈസമയം നഗരസഭ ഓഫിസിലെത്തിയ ചെയര്പേഴ്സൻ സൗമ്യ രാജിനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു.
തുടക്കത്തിൽ ചെയര്പേഴ്സൻ പിന്തിരിഞ്ഞെങ്കിലും പ്രതിരോധമൊരുക്കി വൈസ് ചെയർമാൻ പി.എസ്.എം ഹുസൈന്റെ നേതൃത്വത്തിൽ ഭരണകക്ഷി കൗൺസിലർ രംഗത്തെത്തിയതോടെ വാക്കുതർക്കവും ബഹളവുമുണ്ടായി. ഇതിനിടെ ചെയര്‍പേഴ്സന്റെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാരെ ഭരണപക്ഷ അംഗങ്ങള്‍ തടഞ്ഞു. സംഘർഷത്തെത്തുടർന്ന് പൊലീസ് എത്തി പ്രതിപക്ഷഅംഗങ്ങളെ ബലംപ്രയോഗിച്ച് നീക്കിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നഗരസഭ സെക്രട്ടറിക്ക് അഡ്വ. റീഗോ രാജു പരാതി നല്കി.
ആലപ്പുഴ: നഗരസഭയിൽ ഭരണസ്തംഭനമാണെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ലഹരികടത്ത് കേസിൽ എ. ഷാനവാസ് ആരോപണവിധേയനായതോടെ പെൻഷൻ നൽകേണ്ട അജണ്ടപോലും പാസാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നോട്ടീസ് കോൺഗ്രസ് കൗൺസിലർമാരായ സജേഷ് ചാക്കുപറമ്പിൽ, ജെസിമോൾ ബെനഡിക്ട് എന്നിവർക്ക് നൽകാത്ത വിഷയവും ജനുവരി അവസാന ദിവസം മാത്രം വിളിച്ചുചേർത്തത് സംബന്ധിച്ചും നടപടി സ്വീകരിക്കാമെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു, സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസിമോൾ ബെനഡിക്ട്, പി.ജി. എലിസബത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.