ആലപ്പുഴ: ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിലും പോരാട്ടചിത്രം തെളിഞ്ഞതോടെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളുടെ നെട്ടോട്ടം. നാമനിർദേശകപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്. അവധിദിനമായ ഞായറാഴ്ച മുന്നണി സ്ഥാനാർഥികൾ വോട്ടുതേടിയുള്ള പരക്കം പാലിച്ചിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പൊള്ളുന്ന ചൂടിനെയും മറികടന്നാണ് സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുചേർന്നത്. ഇനി 15 ദിവസം മാത്രമാണ് പ്രചാരണത്തിന് ലഭിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.
അടുത്തയാഴ്ച പെസഹവ്യാഴാഴ്ച, ദുഃഖവെള്ളി, ഈസ്റ്റർ ആഘോഷങ്ങൾ എത്തുന്നതിനാൽ സമയം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി എ.ഡി. തോമസ്, കായംകുളം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു, ചെങ്ങന്നൂർ യു.ഡി.എഫ് സ്ഥാനാർഥി എബി കുര്യാക്കോസ് എന്നിവർ തിങ്കളാഴ്ച പത്രികനൽകും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് ആലപ്പുഴയിൽ മത്സരിക്കുന്ന എം.ജെ. ജോബ് അടക്കമുള്ള എൻ.ഡി.എ സ്ഥാനാർഥികളും പത്രിക നൽകും.
കായംകുളം: ഹരിപ്പാട് കാർത്തികപള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കെ.എസ്.യു പ്രവർത്തകനായി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് തുടക്കം. ഹരിപ്പാട് നങ്ങ്യർകുളങ്ങര ടി.കെ. എം.എം കോളജിലെ സർവകലാ ശാല കൗൺസിലറായി. തിരുവനന്തപുരം ഗവ. ലോ കേളജിലെ മാഗസിൻ എഡിറ്റർ, കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റാണ്. 2011, 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ആലപ്പുഴ ചെറുതന സ്വദേശിയാണ്. ഭാര്യ: അമ്പിളി. മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.
ചെങ്ങന്നൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. 1978ല്‍ പ്രീഡിഗ്രി പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. കെ.എസ്.യു സംസ്ഥാന കലാവേദി കൺവീനർ, യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽനിന്ന് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു.
കെ.ടി.ഡി.സി ബോർഡ് അംഗം, എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേരള റീജിയൻ ബോർഡ് അംഗം, ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗം എന്നീ പദവികളം വഹിച്ചിരുന്നു. 36 വർഷമായി ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ്. ഭാര്യ ഡോ. ലിജി ചെറിയാന് (ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് റിട്ട. അധ്യാപിക) മക്കള്‍: ഏബൽ, ആഷര്‍. മരുമകള്‍: മരിയ ഏബൽ.
അമ്പലപ്പുഴ: 63 വർഷത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരം. വി.എസ്, പിണറായി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 43 വർഷം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം, ഏഴ് തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 1996ൽ കായംകുളത്തുനിന്നും 2006, 2001, 2016 വർഷങ്ങളിൽ അമ്പലപ്പുഴയിൽനിന്നും വിജയിച്ചു. രണ്ടുതവണകളായി സഹകരണം, ദേവസ്വം, പൊതുമരാമത്ത് മന്ത്രിയായിരുന്നു. താമരക്കുളം പഞ്ചായത്ത്വേടരപ്ലാവ് വാർഡിൽ നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും അഞ്ചുമക്കളിൽ രണ്ടാമനായി ജനനം.
1967ൽ പഠനകാലത്ത് തന്നെ സി.പി.എം അംഗമായി. 1971ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി. അടിയന്തരാസ്ഥക്കെതിരെ വിദ്യാർഥികളുടെ ജാഥ നയിച്ചുള്ള സമരത്തിന്റെ പേരിൽ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങൾ, കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, എൻ.ജി.ഒ അധ്യാപകരുടെ സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ജൂബിലി നവപ്രഭ ആലപ്പുഴ എസ്.ഡി. കോളജ് അധ്യാപികയായിരുന്നു. മകൻ: നവനീത്.
ആലപ്പുഴ: കന്നിയങ്കം. കെ.എസ്.യു ജില്ല പ്രസിഡന്റ്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ മത്സ്യത്തൊഴിലാളിയായ അരശർക്കടവിൽ ഡോമിനിക് ജാക്സന്റെയും അക്കാമ്മയുടെയും മകൻ. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് യൂനിയൻ ചെയർമാനായിരുന്നു. കേരള യൂനിവേഴ്സിറ്റി അഡ്ജുഡിക്കേഷൻ കമ്മിറ്റി മെംബർ, സേവാദൾ ജില്ല സെക്രട്ടറി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നവ കേരള സദസ്സുമായ ബന്ധപ്പെട്ട സമരത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.