കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ ആലപ്പുഴ ഹെഡ് പോസ്റ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടക്കുന്ന വിദ്യാർഥികൾ

സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ; എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ സംഘർഷം: നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവകാശപത്രിക അംഗീകരിക്കണമെന്നും ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ ആലപ്പുഴ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്നെത്തിയ വിദ്യാർഥികളെ പൊലീസ് മർദിച്ചു. നാലുപേർക്ക് പരിക്ക്. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് അനന്തു അജി, ജില്ല ഭാരവാഹികളായ കാശിനാഥ്‌, നൂർ മുഹമ്മദ്‌, എൻ. അൻഷാദ്‌ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

വ്യാഴാഴ്ച ഉച്ചയോടെ ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇതിന് പിന്നാലെ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. കയർ ഉപയോഗിച്ച് ബലപെടുത്തിയ ബാരിക്കേഡ് പലതവണ ഉയർത്തിപൊക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബാരിക്കേഡിന് മുകളിലൂടെയും സമീപത്തെ മതിൽചാടിയും എത്തിയ വിദ്യാർഥികളെ പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി. ഇത് നേരിയ ഉന്തിലും തള്ളിലും കലാശിച്ചു.

വാഹനത്തിൽ കയറ്റുന്നതിനിടെ ചിലരെ പൊലീസ് മർദിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർ വാഹനം തടഞ്ഞു. ഇത് മറികടന്ന് ആദ്യസംഘവുമായി പൊലീസ് വാഹനം സ്റ്റേഷനിലേക്ക് പോയെങ്കിലും കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വിനയായി. കൂടുതൽ സമയം കിട്ടിയതോടെ പൊലീസ് വലയംഭേദിച്ച് എത്തിയ പ്രവർത്തകൾ ഹെഡ് പോസ്റ്റ് ഓഫിസ് വളപ്പിൽ കയറി. ഗേറ്റ് തുറന്നും അല്ലാതെയും അകത്തുകയറിയവരെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ഇതിനിടെ ഉന്തിലും തള്ളിലും പോസ്റ്റ് ഓഫിസ് വളപ്പിലെ ചെടിച്ചട്ടികളും നിലത്തുവീണു.

ഇതിന് പിന്നാലെ ഹെഡ്പോസ്റ്റ് ഓഫിസിലെ പ്രധാനകവാടത്തിലും റോഡിലും കുത്തിയിരുന്ന പ്രവർത്തകൾ കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ മുദ്രാവാക്യം മുഴക്കി. ഓഫിസിന്റെ ഗേറ്റ്‌ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്‌ വീണ്ടും മർദിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപ്പെട്ടതോടെ പൊലീസ്‌ പിൻവാങ്ങി.

തുടർന്ന്‌ ഓഫീസിന്റെ പ്രധാന കവാടത്തിന്‌ മുന്നിലിരുന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രതിഷേധയോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി. അക്ഷര ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വൈഭവ് ചാക്കോ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സമീർ സിങ്‌, എസ്‌. മേഘ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Support for CJP protest; Clashes during SFI march: Several injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.