ആലപ്പുഴ: ആലപ്പുഴയിലെ കനാലുകളും തീരങ്ങളും വീണ്ടും മുഖംമിനുക്കി മനോഹരമാക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായ മുസ്രിസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് നവീകരണം. നഗരത്തിലെ ചുങ്കം മുതൽ പടിഞ്ഞാറുവരെ നീളുന്ന വാടക്കനാലിന്റെയും വാണിജ്യ കനാലിന്റെയും തീരങ്ങളാണ് പ്രധാനമായും സൗന്ദര്യവത്കരിക്കുന്നത്. പുതുവർഷത്തിൽ കനാൽകരകളിൽ ആഘോഷം നടത്താൻ കഴിയുന്ന രൂപത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
കനാൽ കരയിലെ ഓരോ സ്ഥാപനവും അതിന് മുന്നിട്ടിറങ്ങും. അതത് സ്ഥാപനങ്ങളുടെ മുന്നിലുള്ള കനാൽത്തീരം സുന്ദരമാക്കും. തുടർസംരക്ഷണവും ഇവരുടെ ഉത്തരവാദിത്തത്തിലായിരിക്കും. വൈകുന്നേരങ്ങളിൽ കനാൽ തീരത്ത് ആളുകൾക്ക് ഇരിക്കാൻ ബെഞ്ചുകൾ, പുൽത്തകിടി, ദീപാലങ്കാരങ്ങൾ എന്നിവയൊരുക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ഇറിഗേഷൻ വിഭാഗം, കിഫ്ബി, ആലപ്പുഴ നഗരസഭ, സ്വകാര്യ ഏജൻസികൾ എന്നിവരുടെ സഹകരണമുണ്ടാകും.
വാണിജ്യ കനാൽ പോളയും കാടും തിങ്ങിനിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആലപ്പുഴയുടെ മാത്രം സവിശേഷതയായ കനാലുകളെ പഴയപോലെ മനോഹാരിയാക്കി മാറ്റാൻ കഴിയുമെന്ന് ആലപ്പുഴക്കാർ കരുതിയതല്ല. എന്നാൽ, ഇവയുടെ സംരക്ഷണം ജലവിഭവ വകുപ്പ് ഏറ്റെടുത്ത് കോടികളുടെ പദ്ധതിയിൽ നവീകരിച്ചു. തുടർസംരക്ഷണത്തിന്റെ ഭാഗമായി കനലുകളിലെ പോളനീക്കി ഒഴുക്ക് സുഗമമാക്കി. എന്നാൽ, പരിപാലനത്തിന് സ്ഥിരം സംവിധാനമില്ലാത്തതിനാൽ തീരങ്ങളിൽ പലയിടത്തും കാടുകയറി.
വാണിജ്യ കനാലിന്റെ കരകളിൽ കുറച്ചുഭാഗം കയർ ഭൂവസ്ത്രം വിരിച്ചും പുല്ലും ചെടിയും നട്ടും കയർകോർപറേഷൻ നവീകരിച്ചു. കണ്ണൻ വർക്കി പാലത്തിന് കിഴക്ക് മുതൽ പഴയ പോസ്റ്റ് ഓഫിസ് വരെ തുടർപ്രവർത്തനവും സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഒന്നരമാസത്തിനകം കനാലുകളുടെ ഭംഗിയും തീരസുരക്ഷയും പരിസരവൃത്തിയും മെച്ചമാക്കി വിനോദസഞ്ചാരികളെയും നാട്ടുകാരെയും ആകർഷിക്കലാണ് ലക്ഷ്യം.
കനാൽക്കരയുടെ സൗന്ദര്യവത്കരണത്തിന് മാതൃകയാക്കാവുന്ന കയർ പാർക്ക് ഹിറ്റായി. കയർ ഉൽപന്നങ്ങളുടെ പ്രചാരണത്തിന് കയർ കോർപറേഷൻ സ്ഥാനത്തിന് മുൻവശത്തെ വാണിജ്യ കനാലിനു ഇരുകരയിലുമായി കയർ പാർക്ക് പ്രവർത്തനം. കയർ ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങളും ഊഞ്ഞാലും ചങ്ങാടവുമൊക്കെയൊരുക്കി മനോഹരമാക്കി. ഐ ലവ് ആലപ്പുഴ എന്നെഴുതിയ സെൽഫി പോയന്റുമുണ്ട്. ദിവസവും നിരവധിയാളുകളാണ് ഫോട്ടോ എടുക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും എത്തുന്നത്. തിരക്ക് വർധിച്ചതോടെ കനാലിൽ രണ്ട് പെഡൽ ബോട്ടുകളും ഒഴുകുന്ന കയർ ഷോറൂമും കഫ്റ്റീരിയയും ആരംഭിക്കാനുള്ള ആലോചനയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.