ആലപ്പുഴ: സ്വകാര്യബസ് ഉടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സ്വകാര്യബസ് സൂചന പണിമുടക്ക് നടത്തും. സംസ്ഥാനതലത്തിൽ നടക്കുന്ന പണിമുടക്കിൽ ജില്ലയിലെ 400ലധികം ബസുകൾ ഭാഗമാകും. ബുധനാഴ്ച ദേശീയപണിമുടക്കായതിനാൽ ജില്ലയിൽ രണ്ടുദിവസം സ്വകാര്യബസുകൾ നിരത്തിലിറങ്ങില്ല. ഇത് ജനജീവിതം സ്തംഭിക്കുമെന്ന ആശങ്കയുണ്ട്. വള്ളംകളി സീസണിന് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളിയും ദേശീയപണിമുടക്ക് ദിവസമാണ്.
ലിമിറ്റഡ് സ്റ്റോപ് ദീർഘദൂര ബസ് സർവിസ് പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
വിദ്യാർഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കണമെന്നതാണ് ആവശ്യങ്ങളിൽ പ്രധാനം. വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷൻ നിശ്ചയിച്ച കൺസെഷൻ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്ന ശിപാർശ അംഗീകരിക്കണം. സ്വകാര്യബസുകളിലെ ജീവനക്കാർക്ക് മാത്രം ആറുമാസത്തേക്ക് 800 രൂപ ചുമത്തിയുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല. യാത്രക്കിടെ ഫോട്ടോയെടുക്കുന്നതടക്കമുള്ള ഇ-ചെലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കണം. പ്രവർത്തനം ഏകോപിക്കാൻ ജില്ലതലത്തിൽ സമരസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ സംയുക്ത സമരസമിതി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ, കൺവീനർ എസ്.എം. നാസർ, വൈസ് ചെയർമാൻ ദിനേശ് കുമാർ, ജോയന്റ് കൺവീനർ പി.ജെ. കുര്യൻ, കെ.എൻ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.