തുറവൂർ മേഖലയിലെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറിയപ്പോൾ
അരൂർ: അസാധാരണ വേലിയേറ്റം തീരവാസികൾക്ക് ദുരിതമാകുന്നു. അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ തീരമേഖലകളും വെള്ളത്തിൽ മുങ്ങി. വേലിയേറ്റം കാരണം അരൂർ മേഖലയിലെ കായൽ തീരങ്ങളിലെ ജനജീവിതം ആഴ്ചകളായി ദുരിതപൂർണമാണ്. വേമ്പനാട്ടുകായലിൽ ശക്തമാകുന്ന വേലിയേറ്റമാണ് കാരണം. അറബിക്കടലിലെ വേലിയേറ്റം ശക്തമായതാണ് കായലിലും വേലിയേറ്റത്തിനു കാരണം. പച്ചക്കറി ഉൾപ്പെടെ കൃഷിയും നശിച്ചു. വെള്ളത്തോടൊപ്പം തീരപ്രദേശത്തെ വീടുകളുടെ മുറ്റത്ത് വെള്ളവും എക്കലും അടിഞ്ഞു കൂടുന്നതും പ്രശ്നമാണ്. ഇതോടൊപ്പം ദുർഗന്ധവും രൂക്ഷമാണ്.
രാവിലെ ജോലിക്കു പോകേണ്ടവർ കിലോമീറ്ററുകൾ വെള്ളത്തിലൂടെ നടന്നാണു പോകുന്നത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പഞ്ചായത്തുകളിലെ കായൽ തീരങ്ങളിലെ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്. കുടിവെള്ള സ്രോതസ്സുകളും ശൗചാലയങ്ങളും വെള്ളം കയറിയതു മൂലം ഉപയോഗശൂന്യമായി. വേമ്പനാട്ടുകായലിലും അനുബന്ധ കായലുകളിലും തോടുകളിലും മത്സ്യപ്പാടങ്ങളിലും വേലിയേറ്റം ശക്തമായി തുടരുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം. തീര മേഖലകളിലെ പച്ചക്കറി കൃഷി പാടങ്ങളിലെല്ലാം ഉപ്പുവെള്ളം കയറി നശിക്കുകയാണ്. വർഷം മുഴുവൻ ഉപ്പുവെള്ളം കയറ്റി ഇടുന്നതു കൊണ്ട് പൊക്കാളി പാടങ്ങളുടെ തീരങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിലാണ്. ഉപ്പുകൊണ്ട് വീടുകൾ ദ്രവിക്കുന്നതും ദുരിതമാകുന്നു.
ഓരു മുട്ടുകൾ സ്ഥാപിച്ച പഞ്ചായത്തുകളിൽ മുട്ടു സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. ഇറിഗേഷൻ വകുപ്പാണ് ഓരു മുട്ട് സ്ഥാപിക്കേണ്ടത്. നാളുകളായി ഇത് ഉത്തരവാദിത്തത്തോടെ ചെയ്യുന്നില്ലെന്നാണ് തീരവാസികൾ പറയുന്നത്. കായലോരങ്ങളിൽ ഭിത്തി കെട്ടി കായൽ വെള്ളം തടയുന്നതിനും നടപടിയില്ല. കായലുകളുടെ ആഴം കൂട്ടാൻ പദ്ധതി നടപ്പാക്കുന്നില്ല. തോടുകളുടെ സംരക്ഷണത്തിനും പദ്ധതിയില്ല. പതിറ്റാണ്ടുകളായി രൂക്ഷമായ വെള്ളക്കെട്ടിലാണ് തീരമേഖല.
അരൂർ: കായലിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്താൽ വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. അരൂർ മണ്ഡലത്തിൽ മാത്രം വേമ്പനാട്ടുകായലിൽ നിരവധി പാലങ്ങളാണ് പണിയുന്നത്. പാലങ്ങളുടെ കാലുകൾ കായലിലേക്ക് താഴ്ത്തുമ്പോൾ ഉയരുന്ന മണ്ണും ചെളിയും കായലിൽ തന്നെ തള്ളുന്നത് ഒഴിവാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുമൂലം നികരുന്ന കായൽ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. സർക്കാർ ഇടപെട്ട് പാലങ്ങളുടെ കരാറുകാരെ കൊണ്ട് കായലിന്റെ ആഴം കൂട്ടാൻ നടപടി വേണമെന്നാണ് ആവശ്യം.
തീരങ്ങളിൽ കായൽ ഭിത്തി ദൃഢപ്പെടുത്തിയാൽ വീടുകളിലേക്കുള്ള വെള്ളത്തിന്റെ വരവ് തടയാൻ കഴിയും. കായലിലെ തന്നെ മണ്ണ് കോരിയിട്ട് തീരങ്ങൾ ബലപ്പെടുത്തിയാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്നും പറയുന്നു. തോടുകളുടെ ആഴം കൂട്ടി കല്ലുകെട്ടിയാൽ ഉൾപ്രദേശങ്ങളിലെ വേലിയേറ്റം തടയാൻ കഴിയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അസാധാരണ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ മന്ത്രി തോമസ് ഐസക് അരൂർ മണ്ഡലത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി 100 കോടിയുടെ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. അന്വേഷണങ്ങളും പഠനങ്ങളും അല്ലാതെ അസാധാരണ വെള്ളപ്പൊക്കം തടയാൻ കാര്യമായ നടപടി ഉണ്ടായില്ലെന്ന് തീരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.