കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി ആഞ്ഞിലിക്കാട് തീരവാസികൾ വാട്ടർ അതോറിറ്റി ഓഫിസിൽ
അരൂർ: പഞ്ചായത്തിൽ തീരദേശ റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. 16ാംവാർഡ് ആഞ്ഞിലിക്കാട് പ്രദേശത്ത് മാസങ്ങളോളം കുടിവെള്ളം മുടങ്ങുന്നത് പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ചേർത്തല വാട്ടർ അതോറിറ്റി ഓഫിസിൽ നിവേദനവുമായെത്തി.
250 കുടുംബങ്ങളുടെ ഒപ്പുകൾ നിവേദനത്തിൽ ഉണ്ടായിരുന്നു. പൈപ്പിടുന്നതിന് വേണ്ടി എസ്റ്റിമേറ്റ് കണക്കാക്കി ആവശ്യമായ 70,000 രൂപ അരൂർ പഞ്ചായത്ത് കണ്ടെത്തണമെന്നാണ് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. അക്കാര്യം കാണിച്ച് പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് അഭിലാഷ് പറഞ്ഞു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്ന സന്ദർഭങ്ങളിൽ പൈപ്പ് തകരാറ് പരിഹരിക്കപ്പെട്ട് കഴിഞ്ഞാലും തീരപ്രദേശങ്ങളിൽ കുടിവെള്ളം എത്താൻ ദിവസങ്ങൾ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
ആഴത്തിൽ സ്ഥിതി ചെയ്യുന്ന പൈപ്പുകളിൽ മാലിന്യവും ഉപ്പും കലർന്ന ജലം കുടിവെള്ളത്തിൽ കലരുന്ന സ്ഥിതിയും ഉണ്ടെന്നും പറഞ്ഞു. പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. മിനിടാങ്കർ ലോറികളിൽ നാട്ടുകാർ അത്യാവശ്യഘട്ടങ്ങളിൽ 1200 മുതൽ 1500 വരെ രൂപ നിരക്കിൽ കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്.
വെള്ളം അടിപ്പിച്ചുമുടങ്ങുന്ന ദിവസങ്ങളിൽ ബന്ധുവീടുകളിലേക്ക് താമസം മാറ്റുന്നതും പതിവാകുന്നുണ്ട്. 45 വർഷത്തോളം പഴക്കമുള്ള പൈപ്പുകളാണ് നിലനിൽക്കുന്നത്.
കാലഹരണപ്പെട്ടവ അടിയന്തരമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.