ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേ ഭാരത് ട്രെയിൻ ആലപ്പുഴ
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
ആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലേക്ക് എത്തുന്ന രണ്ടാം വന്ദേഭാരത് വിനോദസഞ്ചാരമേഖലക്കും വാണിജ്യമേഖലക്കും ഉണർവേകും. കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയുള്ള ആദ്യയാത്ര ഞായറാഴ്ചയാണ്.കന്നിയാത്രക്ക് ജില്ലയിൽ രണ്ടിടത്ത് സ്വീകരണം നൽകും. ജില്ലകേന്ദ്രമായ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാത്രി 8.05നും കായംകുളം റെയിൽവേസ്റ്റേഷനിൽ 9.02നുമാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, യു. പ്രതിഭ എം.എൽ.എ, റെയിൽവേ സ്റ്റേഷൻ മാനേജർ ജയകുമാർ എന്നിവർ പങ്കെടുക്കും. ആലപ്പുഴയിൽ 10 മിനിറ്റ് നേരം ട്രെയിൻ നിർത്തിയിടും. വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ലാത്ത കായംകുളത്ത് സ്വീകരണത്തിന് രണ്ട്മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ട്രെയിനിന്റെ ട്രയൽറൺ പൂർത്തിയാക്കി.ബുധനാഴ്ച രാത്രിയായിരുന്നു കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രയൽറൺ നടന്നത്. വ്യാഴാഴ്ച വൈകീട്ട് 4.45ന് തിരുവനന്തപുരത്തുനിന്നുള്ള ട്രയൽ റണിന്റെ ഭാഗമായി ട്രെയിൻ വൈകീട്ട് 5.55ന് ആലപ്പുഴയിലെത്തി.
ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസർകോടുനിന്നാണ് ഉദ്ഘാടന യാത്ര പുറപ്പെടുന്നത്. ഉച്ചക്ക് 1.13ന് പയ്യന്നൂർ, 1.48ന് കണ്ണൂർ, 2.13ന് തലശ്ശേരി, വൈകു. 3.08ന് കോഴിക്കോട്, 3.48ന് തിരൂർ, 4.30ന് ഷൊർണൂർ, 5.05 തൃശൂർ, 6.15 എറണാകുളം ജങ്ഷൻ, രാത്രി 8.05ന് ആലപ്പുഴ, 9.05ന് കായംകുളം ജങ്ഷൻ, 9.50ന് കൊല്ലം ജങ്ഷൻ, രാത്രി 11ന് തിരുവനന്തപുരം സെൻട്രൽ എന്നീ സമയക്രമത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
രാവിലെ ഏഴിന് കാസർകോടുനിന്ന് പുറപ്പെട്ട് വൈകീട്ട് 3.05ന് തിരുവനന്തപുരത്തും വൈകീട്ട് 4.05ന് തിരുവനന്തപുരത്തുനിന്നും തിരിച്ച് രാത്രി 11.55ന് കാസർകോട് യാത്ര അവസാനിപ്പിക്കുന്നവിധമാണ് നിലവിലെ സമയക്രമം. ഇതനുസരിച്ച് ഉച്ചക്ക് 12.38നും വൈകീട്ട് 5.55നുമാണ് ജില്ലയിൽ ഏക സ്റ്റോപ്പുള്ള ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എത്തുക.
കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്. ആഴ്ചയിൽ ആറുദിവസമാണ് സർവിസുള്ളത്. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട്-തിരുവനന്തപുരം പാതയിൽ ചൊവ്വാഴ്ചയും സർവിസുണ്ടായിരിക്കില്ല.
ആദ്യ വന്ദേഭാരത് ഹിറ്റായതോടെ കേരളത്തിന് രണ്ടാമത് ലഭിച്ച വന്ദേഭാരത് ആലപ്പുഴ വഴി സർവിസ് തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴയിലെ യാത്രക്കാർ.കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ സർവിസിൽ ജില്ലയിൽ ഒരിടത്തുപോലും സ്റ്റോപ്പില്ലായിരുന്നു. കായംകുളം, ചെങ്ങന്നൂർ സ്റ്റോപ്പുകളെ ഒഴിവാക്കിയായിരുന്നു യാത്ര. രണ്ടാം വന്ദേഭാരത് എത്തുമ്പോൾ ജില്ലകേന്ദ്രമായ ആലപ്പുഴയിൽ സ്റ്റോപ്പുണ്ടെന്നതാണ് പ്രത്യേകത.
ആലപ്പുഴ: ഇരട്ടപ്പാത നിർമാണം പൂർത്തിയാകാത്ത ആലപ്പുഴവഴിയുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ മറ്റ് ട്രെയിനുകളുടെ സമയം താളംതെറ്റും. നിലവിൽ തീരദേശ റെയിൽപാതയിലൂടെ യാത്ര സുഗമമാക്കുന്നതിനുള്ള എൻജിനീയറിങ് ജോലികൾ അവസാനഘട്ടത്തിലാണ്. കോട്ടയം വഴി വന്ദേഭാരത് സർവിസ് തുടങ്ങിയപ്പോൾ തന്നെ ആലപ്പുഴ വഴിയുള്ള റൂട്ട് മെച്ചപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചിരുന്നു.
തകഴി-അമ്പലപ്പുഴ ഭാഗത്തെ കോരംകുഴി തോടിന് സമീപവും ആലപ്പുഴ-എറണാകുളം റൂട്ടിൽ കുമ്പളം പാലത്തിലും വേഗ നിയന്ത്രണം നിലവിലുണ്ട്. ഇവിടെ 60 കിലോമീറ്ററാണ് പരമാവധി വേഗം. ഇരട്ടപ്പാതയില്ലാത്തതും വേഗനിയന്ത്രണവും കാരണം വന്ദേഭാരതിന്റെ സമയക്രമം ഈ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളുടെ സമയത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഓടിത്തുടങ്ങുമ്പോൾ സമയക്രമത്തിൽ ചെറിയമാറ്റം വരുമെന്ന് ആലപ്പുഴ സ്റ്റേഷൻ മാനേജർ ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.