94ാം വയസ്സിലും വിപ്ലവാവേശവുമായി ഭാസ്‌കരപ്പണിക്കർ

ചെങ്ങന്നൂർ: പ്രായാധിക്യം മൂലമുള്ള അവശതകൾ തളർത്താത്ത മനസ്സുമായി 94ാം വയസ്സിലും വിപ്ലവാവേശവുമായി ഭാസ്‌കരപണിക്കർ ആർ.എസ്.പി അംഗത്വം പുതുക്കി. സെപ്റ്റംബറിൽ നടക്കുന്ന പാർട്ടിയുടെ 22ാം ദേശീയ സമ്മേളനത്തിന് ​മുന്നോടിയായാണ്​ റിട്ട. അധ്യപകൻ പുതുതലമുറയുടെ ആവേശമായി അംഗത്വം​ പുതുക്കിയത്​. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മാന്നാർ ഇരമത്തൂർ 18ാം വാർഡിൽ കളത്തിൽ കെ. ഭാസ്‌കരപ്പണിക്കർ (ഭാസി സാർ ) ജില്ലയിലെ ആദ്യകാല സഖാക്കളിൽ ഇപ്പോഴുള്ളവരിൽ പ്രമുഖനാണ്​. 1928 ഒക്ടോബർ 26ന് സമ്പന്നമായ കളത്തിൽ തറവാട്ടിൽ ജനനം. പഠനത്തോടൊപ്പം വിപ്ലവവും തലക്കുപിടിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തിക്കുമ്പോഴാണ് ആർ.എസ്.പിയിലെത്തുന്നത്. 21ാം വയസ്സിൽ സംസ്‌കൃത-മലയാളം അധ്യാപകനായി. മാന്നാർ എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 34 വർഷത്തെ സേവനം കഴിഞ്ഞ് 39 വർഷമായി വിശ്രമജീവിതത്തിലാണ്​. വിപ്ലവം എന്നാൽ പാർട്ടിയിലെ 'കാർണവർക്കി'ന്നും വിശ്രമമില്ല. ദീർഘകാലം കൺസ്യൂമർ സൊസൈറ്റി പ്രസിഡന്‍റ്​, കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ, നിയോജക മണ്ഡലം സെക്രട്ടറി, ഐക്യ കർഷക സംഘം ജില്ല പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രായത്തി‍ൻെറ അവശതകളൊക്കെയും ആർ.എസ്.പി എന്നു കേൾക്കുമ്പോൾ ഓടിമറയുമിപ്പോഴും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.