ആലപ്പുഴ: ജില്ലയിലെ റേഷൻ കടകളിൽ വിതരണത്തിന് എത്തിയതിൽ 65 ശതമാനവും പച്ചരി. പുഴുക്കലരിക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ആഗസ്റ്റിൽ വിതരണത്തിനെത്തിച്ചതിന്റെ 65 ശതമാനവും പച്ചരിയായത്. പുഴുക്കലരിയില്ലാത്തതിനാൽ റേഷൻ വേണ്ടെന്നുവെച്ചു മടങ്ങുകയാണ് ഏറെപ്പേരും. ഇക്കാര്യം കടയുടമകൾ സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ പാടശേഖരങ്ങളിൽനിന്ന് സംഭരിക്കുന്ന നെല്ലിൽനിന്നുള്ള കുത്തരി കൂടുതലായി എത്തിക്കാൻ സിവിൽ സപ്ലൈസിന് കഴിഞ്ഞില്ല. മഞ്ഞ, പിങ്ക്, നീല, കാർഡുകാർക്കെല്ലാം പച്ചരിയാണ് ഇക്കുറി കൂടുതൽ. പൊതുവിഭാഗം വെള്ളക്കാർഡുകാരുടെ എട്ട് കിലോ വിഹിതത്തിൽ ആറും പച്ചരിയാണ്. കേന്ദ്രം നൽകുന്ന റേഷനിലും കൂടുതൽ പച്ചരിയാണ്. പച്ചരി കൂടുതലായി എത്തിയത് റേഷൻ കരിഞ്ചന്തക്ക് സാധ്യതയേറും. പച്ചരി വേണ്ടാത്തതിനാൽ ചില കാർഡുടമകളും കടക്കാരും മറിച്ചുവിൽക്കുമെന്നാണ് ആശങ്ക. അടുത്തിടെ മുൻഗണന കാർഡുടമകൾ റേഷൻ മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തിരുന്നു. പൊതുവിഭാഗത്തിൽപെട്ട വെള്ള, നീല കാർഡുകാർക്കുള്ള ആട്ടയും ഈ മാസം ലഭിച്ചില്ല. ഒരു കിലോമുതൽ രണ്ടുകിലോ വരെ ആട്ടയാണ് കാർഡൊന്നിന് നൽകാൻ നിർദേശിച്ചിരുന്നത്. ആട്ട കിട്ടാത്തതിനാൽ വിതരണം മുടങ്ങി. ഗോതമ്പ് ക്ഷാമം രൂക്ഷമായതാണ് തിരിച്ചടിയായത്. മുൻ മാസങ്ങളിൽ നാലുകിലോ വരെ ആട്ടയാണ് ലഭിച്ചത്. റേഷൻ കടകളിലെ കെ-സ്റ്റോർ: ആദ്യം അഞ്ചിടത്ത് ആലപ്പുഴ: റേഷൻ കടകളുടെ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് തുടങ്ങുന്ന കെ-സ്റ്റോർ ആദ്യഘട്ടത്തിൽ ജില്ലയിൽ അഞ്ചിടത്തുമാത്രമാകും. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ഓരോ റേഷൻ കടകൾ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ 53 റേഷൻ കടകളിൽ കെ-സ്റ്റോർ ആണ് പദ്ധതിയിട്ടത്. ഇത്രയധികം കടകളിൽ ഒന്നിച്ചു സൗകര്യമെത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അഞ്ചിടത്ത് മാത്രമാക്കിയത്. ഈ മാസം പ്രവർത്തനം തുടങ്ങാനാണ് നിശ്ചയിച്ചതെങ്കിലും നടപ്പാകില്ല. ലോഗോ ലഭ്യമാക്കിയെങ്കിലും മറ്റുനടപടികൾ ആരംഭിച്ചിട്ടില്ല. മിനി ബാങ്ക്, പാൽ വിതരണം, ഗ്യാസ് വിതരണം, അക്ഷയ സേവനങ്ങൾ, സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വിൽപന തുടങ്ങിയവയാണ് കെ-സ്റ്റോർ ലക്ഷ്യമിട്ടിരുന്നത്. 5000 രൂപ വരെയുള്ള ബാങ്കിടപാടുകളാണ് കെ-സ്റ്റോറിലൂടെ നടത്താൻ അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നുവീതം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. അങ്ങനെയെങ്കിൽ ജില്ലയിൽ 72 പഞ്ചായത്തും ആറു നഗരസഭയുമുൾപ്പെടെ 78 സ്റ്റോറുകളാണ് തുടങ്ങേണ്ടത്. ചേർത്തല-41, അമ്പലപ്പുഴ-111, കുട്ടനാട്-248, കാർത്തികപ്പള്ളി-32, മാവേലിക്കര-167 എന്നീ നമ്പറുകളിലെ അഞ്ച് റേഷൻ കടകളിലാണ് കെ-സ്റ്റോർ ഉടൻ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.