കാരുണ്യം ഒഴുകിയെത്തി; പ്രകാശന്റെ ചികിത്സക്ക്​ സമാഹരിച്ചത്​ 17.5ലക്ഷം

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ 10വാർഡുകളിലെ നാട്ടുകാർ ഒന്നിച്ചപ്പോൾ ചികിത്സ സഹായമായി മണിക്കൂറിനുള്ളിൽ പിരിഞ്ഞുകിട്ടിയത് 17.5 ലക്ഷത്തോളം രൂപ. ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാംവാർഡ്‌ കമ്പിയകത്ത് വീട്ടിൽ പ്രകാശന്റെ ചികിത്സക്കുവേണ്ടിയാണ് പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10,16,17 എന്നീ വാർഡുകളിൽനിന്ന്​ ഫണ്ട് ശേഖരണം നടത്തിയത്. ആറാം വാർഡിൽനിന്ന് മാത്രം 3,68,070 രൂപ സംഭരിക്കാൻ കഴിഞ്ഞു. പ്രകാശനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. പ്രകാശന്റെ ഭാര്യ സഹോദരിയുടെ മകൾ അമ്പലപ്പുഴ പഞ്ചായത്ത് 15ആം വാർഡ് വെളിമ്പറമ്പ് വീട്ടിൽ രമേശിന്റെ ഭാര്യ നീനുമോളാണ് (33) കരൾ നൽകുന്നത്. 30 ലക്ഷത്തോളം രൂപ ചെലവ് വരും. മണ്ണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാർ ചെയർമാൻമാരായി വാർഡ്തല സമിതി രൂപവത്​കരിച്ചാണ് ഫണ്ട് ശേഖരണം നടന്നത്. ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ മുഖ്യ രക്ഷാധികാരിയായും അഡ്വ. ആർ. റിയാസ്, കെ.വി. മേഘനാഥൻ, വി.പി. ചിദംബരൻ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്കുമാർ ചെയർമാനും വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ് കൺവീനറും ആറാംവാർഡ് അംഗം ബഷീർ മാക്കിണിക്കാട് ഖജാൻജിയുമായുള്ള പഞ്ചായത്ത്തല സമിതിയും പഞ്ചായത്ത് അംഗങ്ങളായ എം.പി സുനിൽകുമാർ, കെ.എസ്. ഹരിദാസ്, നവാസ് നൈന, ദീപ സുരേഷ്, കെ. ലതിക, ആർ. ഉദയമ്മ, രാജേഷ്, ബിന്ദു സതീശൻ, ജാസ്മിൻ ഷാജി എന്നിവരുടെയും എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.പി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.