ആലപ്പുഴ: പല എയ്ഡഡ് സ്കൂളുകളിലെയും ദിവസവേതനക്കാരായ എൽ.പി, യു.പി അധ്യാപകർക്ക് പ്രതിഫലം കിട്ടിയിട്ട് ആറ് മാസത്തിലേറെ. ജില്ലയിലാകെ 150ഓളം താൽക്കാലിക അധ്യാപകർ ഈ ദുരിതം അനുഭവിക്കുന്നു. ചെങ്ങന്നൂർ ഉപജില്ലയിൽ മാത്രം 32 പേരുണ്ട്. ഹരിപ്പാട്ട് 35, മാവേലിക്കരയിൽ 40. കായംകുളം, തലവടി ഉപജില്ലകളിലും ഈ പ്രശ്നമുണ്ട്. കഴിഞ്ഞ നവംബർ ഒന്നുമുതൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ നിയമനം ഡി.ഡി.ഇ അംഗീകരിച്ചിട്ടില്ല എന്നതാണ് ജോലിക്കു കൂലിയില്ലാത്ത സ്ഥിതിക്ക് കാരണം. അയൽ ജില്ലകളിൽനിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. അവർക്കൊക്കെ ദിവസം വണ്ടിക്കൂലി മാത്രം 150 രൂപയിലേറെയാകും. പ്രതിഫലം മുടങ്ങിയ അവരിൽ പലരും മറ്റു ജോലികൾക്ക് കൂടി പോയാണ് കഴിഞ്ഞുകൂടുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2021 ജൂലൈ 15 മുതലുള്ള നിയമനങ്ങൾ അംഗീകരിക്കാൻ ഹൈകോടതിയുടെ സ്റ്റേ ഉണ്ടെന്നാണ് വേതനം നൽകാൻ തടസ്സമായി പറയുന്നത്. എന്നാൽ, ദിവസവേതനത്തിന് ഇതേ കാലത്ത് മറ്റു ജില്ലകളിൽ നിയമനം നൽകിയിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. സ്ഥിരം അധ്യാപകർ അവധിയിൽ പോയ ഒഴിവിലേക്ക് ദിവസവേതനക്കാരെ നിയമിക്കുകയും അവർക്ക് വേതനം നൽകുകയും ചെയ്യുന്നുണ്ട്. 2019-20 അധ്യയനവർഷത്തെ തസ്തിക നിർണയം തന്നെ 2020-21, 2021-22 വർഷങ്ങളിലും ബാധകമാക്കി സർക്കാർ ഉത്തരവുണ്ട്. അതിനാൽ വേണ്ടത്ര അധ്യാപകരില്ലാത്ത സ്കൂളുകളിൽ നിലവിലെ സർക്കാർ ഉത്തരവുകൾ പ്രകാരം നിയമനം നടത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കോട്ടയം ഡി.ഡി.ഇക്ക് മാർച്ച് 30ന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലും കൊല്ലം ജില്ലയിലെ കുളക്കട ഉപജില്ലയിലും ഇങ്ങനെ ജോലിയിൽ പ്രവേശിച്ചവർക്ക് നിയമന ഉത്തരവ് ലഭിച്ചതായും രേഖയുണ്ട്. ഭിന്നശേഷി സംവരണം സംബന്ധിച്ച കോടതി ഉത്തരവുള്ളതിനാൽ ദിവസവേതനക്കാരുടെ നിയമനം അംഗീകരിക്കാൻ തടസ്സമുണ്ടെന്നാണ് ആലപ്പുഴ ഡി.ഡി.ഇ ഓഫിസ് അധികൃതരുടെ വിശദീകരണം. വേണ്ടത്ര കുട്ടികളില്ലാത്ത സ്കൂളുകളിൽ ലീവ് വേക്കൻസിയിൽ പോയവർക്ക് പകരം നിയമിച്ചവർക്ക് താൽക്കാലിക നിയമനം നൽകിയെങ്കിലും സ്ഥിരമായി വന്ന ഒഴിവിലേക്ക് നിയമിക്കാനാകാത്ത സാഹചര്യമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിലും ഇക്കാര്യം വ്യക്തമാണെന്നും അവർ പറയുന്നു. കായംകുളം ഉപജില്ലയിൽ 15 താൽക്കാലിക അധ്യാപകർക്ക് വേനലവധിക്കാലത്തെ വേതനം ലഭിച്ചിട്ടില്ലെന്നത് മറ്റൊരു പ്രശ്നം. ഏപ്രിൽ, മേയ് മാസങ്ങളിലെ വേതനം നൽകുന്നത് സംബന്ധിച്ച് നിയമന സർക്കുലറിൽ വ്യക്തമായ നിർദേശമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തലവടി ഉപജില്ലയിൽ എയ്ഡഡ് സ്കൂളുകളിലെ ഏഴ് താൽക്കാലിക അധ്യാപകർക്ക് വേതനം കിട്ടുന്നില്ല. 2021 ജൂലൈ 15നുശേഷം ജോലി ചെയ്ത് തുടങ്ങിയവരാണിവർ. 2020-21ലെ മൂന്ന് മാസത്തെയും 2021-22ലെ അഞ്ച് മാസത്തെയും വേതനമാണ് കിട്ടാനുള്ളത്. ശമ്പളം വൈകുന്ന സ്ഥിരം ജീവനക്കാരുടെ ദുഃസ്ഥിതി പല പൊതുസ്ഥാപനങ്ങളിലുമുണ്ട്. പരാതികൾ ഉയരുമ്പോൾ അധികൃതർ ഉണരും. വേഗം നടപടിയുമാകും. എന്നാൽ, താൽക്കാലികക്കാർക്ക് ശമ്പളം തന്നെയില്ലെന്ന പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. കുട്ടികളെ പരീക്ഷക്ക് തയാറാക്കാൻ അധ്വാനിച്ച അവരിൽ പലരും വിഷമവൃത്തത്തിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.