ഖുർആൻ സ്വരമാധുരിയിൽ ഭക്തിസാന്ദ്രമാക്കി മുഹമ്മദ്​ ഫായിസ്​

Attn: റമദാൻ വിശേഷം വള്ളികുന്നം: ഖുർആനിന്‍റെ സ്വരമാധുരിയിൽ കാഞ്ഞിപ്പുഴ ജുമാമസ്ജിദിനെ ഭക്തിസാന്ദ്രമാക്കി മുഹമ്മദ് ഫായിസ്. മസ്ജിദുൽ ഹറമിലെ പ്രമുഖരായ ഇമാമുമാരുടെ സ്വരമാധുരി അനുകരിച്ച പാരായണമാണ് ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് ഫായിസ് അൽഖാസിമിയെ (25) ശ്രദ്ധേയനാക്കുന്നത്. സ്വന്തംനാട്ടിലെ ജുമാമസ്ജിദിൽ തറാവീഹിന് നേതൃത്വം നൽകാനായതിന്‍റെ സംതൃപ്തിയിലാണ് ഇദ്ദേഹം. കാഞ്ഞിപ്പുഴ അൽ മഫാസിൽ ഡോ. അബ്ദുൽ മുജീബിന്‍റെയും നജ്മുന്നിസയുടെയും മകനാണ്​. ഈജിപ്തിലെ അൽ-അസറിലെ ബിരുദാനന്തര ബിരുദവിദ്യാർഥിയാണ്. സൗദി ഔഖാഫിന്‍റെ കീഴിൽ മസ്ജിദുൽ ഹറമിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രത്തിൽനിന്നാണ് 2012ൽ ഔദ്യോഗികമായി ഖുർആൻ മനഃപാഠമാക്കിയത്. ഈ രംഗത്ത് പിതാവായിരുന്നു ആദ്യഗുരു. സൗദി രാജകുമാരനായ ഫൈസൽ ബിൻ മുഹമ്മദ് ബിൻ സഅദിൽനിന്നാണ് ഖുർആൻ മനഃപാഠ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ ഹറം ഇമാം സ്വാലിഹ് ബിൻ ഹുമൈദിന്‍റെ സാന്നിധ്യമാണ് ജീവിതത്തിലെ അഭിമാനനിമിഷമായി ഫായിസ് കാണുന്നത്. പിന്നീട് നാട്ടിലെത്തി ഓച്ചിറ ദാറുൽ ഉലൂമിൽ ആലിം ബിരുദവും തുടർന്ന് ഉത്തർപ്രദേശിലെ ദയുബന്ദിൽനിന്ന്​ അൽഖാസിമി ബിരുദവും നേടിയ ശേഷമാണ് ഈജിപ്​ത്തിലേക്ക്​ ഉപരിപഠനത്തിന് പോയത്. മലയാളം കൂടാതെ അറബി, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, ഇന്തോനേഷ്യ, മലേഷ്യ, കന്നഡ അടക്കം എട്ട് ഭാഷകളിലെ പ്രാവീണ്യവും പഠനവഴിയിലെ മുതൽക്കൂട്ടാണ്. ദമ്മാമിലും രണ്ടുവർഷം നേതൃത്വം നൽകിയിരുന്നു. രണ്ടുവർഷമായി ജന്മനാട്ടിലെ പള്ളിയിൽ അവസരം ലഭിച്ചതിൽ അഭിമാനം ഏറെയാണ്​. ഇത്തവണ ഗവേഷണ സമയമായിട്ടും നാട്ടിലേക്ക് പോരാൻ കാരണമായതും ഇതാണ്. പിതാവ് അബ്ദുൽ മുജീബ് ദമ്മാമിൽ അൽ ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറാണ്. മാതാവ് നജുമുന്നിസയുടെയും സഹോദരി ഫാത്തിമയുടെയും പിന്തുണയും പഠനവഴിയിലെ കരുത്ത് പകർന്നിരുന്നതായി ഫായിസ് പറയുന്നു. പണ്ഡിതരായ കാഞ്ഞിപ്പുഴ കോട്ടക്കര മുസ്തഫ ഇബ്രാഹിമിന്‍റെയും പരേതനായ ക്ലാപ്പന സി.എം. മൗലവിയുടെയും ചെറുമകൻ കൂടിയാണ്. APL muhammed fayiz മുഹമ്മദ്​ ഫായിസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.