സ്ലുയിസ്​ നിർമാണം ആരംഭിച്ചു

താമരച്ചാൽ കരി പാടശേഖരത്ത്​ വെള്ളക്കെട്ട് ഭീഷണി ഒഴിയുന്നു വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളും പാണാവള്ളി പഞ്ചായത്തിന്റെ ഭാഗങ്ങളിലുമായി കിടക്കുന്ന താമരച്ചാൽ കരി പാടശേഖരത്തിന് വെള്ളക്കെട്ട് ഭീഷണി ഒഴിയുന്നു. മഴക്കാലത്ത് വെള്ളക്കെട്ടിൽ ഇവിടെ ജനജീവിതം ദുസ്സഹമാണ്​. അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽപെടുത്തി പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് പെർമെനന്റ് സ്ലുയിസിന്റെ നിർമാണപ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മണിയൻ പള്ളി പാലം മുതൽ കിഴക്കോട്ടുള്ള തോടിന് തെക്കായാണ് സ്ലുയിസിന്റെ (ഷട്ടർ) നിർമാണം ആരംഭിച്ചത്. നാല് മീറ്റർ വീതിയിൽ കൈവരിയോടെയുള്ള ചെറുപാലംകൂടി നിർമിക്കും. ഇതോടെ മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാനാകും. താമരച്ചാൽ കരി പാടശേഖരത്തിനെ പഴയകാല കൃഷിയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യവും സ്ലുയിസ് നിർമാണത്തിന് പിന്നിൽ പഞ്ചായത്ത്‌ ലക്ഷ്യം വെക്കുന്നുണ്ട്. നിർമാണപ്രവർത്തനം നടക്കുന്നതിനാൽ പുതിയപാലം മുതൽ പടിഞ്ഞാറോട്ടും മണിയൻപള്ളി പാലം മുതൽ കിഴക്കോട്ടുമുള്ള വാഹനയാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല. കാൽനടക്കാർക്ക് തടസ്സമില്ല. ചിത്രം: പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തിന്റെ നേതൃത്വത്തിൽ നിർമാണപ്രവർത്തനം വീക്ഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.