കാട്ടുപന്നി ശല്യം: ജാഗ്രതസമിതി യോഗം ഇന്ന്

ചെങ്ങന്നൂര്‍: നഗരസഭ 10ആം വാര്‍ഡ് പുത്തന്‍കാവിലെ കാട്ടുപന്നി ശല്യത്തിന്​ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ മിനി സജന്‍ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. മനോജിന് പരാതിനല്‍കി. ചെങ്ങന്നൂര്‍ -കോഴഞ്ചേരി റോഡില്‍ ഐക്കാട് പാലത്തിനുസമീപം കുറ്റിയില്‍ പള്ളിയുടെ ഭാഗങ്ങളിലാണ് പന്നികള്‍ വ്യാപകമായി കൃഷിനശിപ്പിച്ചത്​. കിഴക്കേ കുറ്റിയില്‍ പി.ജെ. വർഗീസ്, പുളിക്കലേത്ത് കുറ്റിയില്‍ തോമസ് സക്കറിയ, മലയില്‍ അയിരുക്കുഴിയില്‍ മാമ്മന്‍ തോമസ്, മലയില്‍ ആയിരുക്കുഴിയില്‍ വർഗീസ് തോമസ് തുടങ്ങി നിരവധിപേരുടെ കപ്പ, ചേന, ചേമ്പ്, വാഴ, ചെറിയ തെങ്ങ് എന്നിവ കാട്ടുപന്നികള്‍ നശിപ്പിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്​ത് സുരക്ഷനടപടി സ്വീകരിക്കുന്നതിന്​ വിവിധ വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന അടിയന്തര ജാഗ്രതസമിതി യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പുത്തന്‍കാവ് മെട്രോപോലീത്തന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.