പു​ന്ന​പ്ര വി​യാ​നി കൊ​ച്ചു പൊ​ഴി വ​റ്റി​യ നി​ല​യി​ൽ

പൊ​ഴി​ക​ളും നീ​ര്‍ച്ചാ​ലു​ക​ളും ഉ​ണ​ങ്ങി​വ​ര​ണ്ടു; ദു​ര്‍ഗ​ന്ധ​ത്തി​ല്‍ മു​ങ്ങി തീ​ര​ദേ​ശം

അമ്പലപ്പുഴ: ചുട്ടുപൊള്ളുന്ന വേനലില്‍ പൊഴികളും നീര്‍ച്ചാലുകളും ഉണങ്ങിവരണ്ടതോടെ തീരദേശം ദുര്‍ഗന്ധത്തില്‍ മുങ്ങി. വെള്ളം വറ്റിയതോടെ ചളിയും മാലിന്യങ്ങളും പൊന്തിയതോടെയാണ് ദുര്‍ഗന്ധം ഉയരുന്നത്. നീരൊഴുക്ക് ഇല്ലാതെ വന്നതോടെ പൊഴിയോരത്തും നീര്‍ച്ചാലുകളുടെ അരികത്തും താമസിക്കുന്ന കുടുംബങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ദുർഗന്ധം സഹിച്ചാണ് കഴിയുന്നത്.

പുന്നപ്ര പൂമീൻ പൊഴി, വിയാനി കൊച്ചു പൊഴി, വാവക്കാട്ടുപൊഴി, വാടക്കൽ അറപ്പപൊഴി, വാടപ്പൊഴി തുടങ്ങിയവയാണ് കനത്ത ചൂടിൽ വറ്റിത്തുടങ്ങിയത്. കടലും പൊഴിമുഖവുമായി മീറ്ററുകളുടെ അകലമേയുള്ളൂ. പൊഴിയിലേക്കുള്ള നീര്‍ച്ചാലുകളും കാപ്പിത്തോടിന്‍റെ വിവിധ ഭാഗങ്ങളിലും മാലിന്യം കൂടിയ ചളിക്കുണ്ടില്‍നിന്ന് ഉയരുന്ന ദുര്‍ഗന്ധം മൂലം രാത്രിയില്‍ പോലും മാസ്ക് ഉപയോഗിക്കേണ്ട അവസ്ഥയാണ്. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് ശല്യവും വർധിച്ചുവരുകയാണ്. തോടുകളിലേക്കും പൊഴികളിലേക്കും ഉപേക്ഷിച്ച മരച്ചില്ലകളും വെളിയിൽനിന്നു തള്ളുന്ന മാലിന്യങ്ങളും തിങ്ങിക്കൂടി.

പൊഴികളുടെ ആഴം കൂട്ടണമെന്നുള്ളത് തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. പരിഹാരം കാണുമെന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് അധികൃതര്‍ നല്‍കിയത്. പൊഴിയുടെ ആഴംകൂട്ടലിന്‍റെ മറവില്‍ പലയിടങ്ങളില്‍നിന്നും മണല്‍കടത്ത് വ്യാപകമാണ്. രാത്രിയില്‍ വീശുന്ന കടല്‍ക്കാറ്റില്‍ വീടുകള്‍ക്കുള്ളില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പലരും കൊടും ചൂടില്‍നിന്നുള്ള ആശ്വാസം തേടിയും ദുര്‍ഗന്ധം ഒഴിവാക്കാനും കടല്‍ത്തീരങ്ങളില്‍ അഭയം തേടുകയാണ്.

ആലപ്പുഴ ബീച്ചിലും വാടക്കൽ അറപ്പപൊഴി കാറ്റാടി കൂട്ടത്തിലുമാണ് കുടുംബങ്ങൾ ഒത്തുകൂടുന്നത്. തോട്ടപ്പള്ളി പൊഴി മുഖത്തും തീരത്തും ആശ്വാസം തേടിയെത്തുന്നവര്‍ നിരവധിയാണ്. ഇടക്ക് വേനൽമഴ കിട്ടിയില്ലെങ്കിൽ കടലിലെ ചൂടിനും മാറ്റമുണ്ടാകില്ല. ചൂടുകാരണം വള്ളങ്ങൾ ഭൂരിഭാഗവും കടലിൽ ഇറക്കുന്നില്ല.

Tags:    
News Summary - water bodies dried out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.