തോട് ശുചീകരണത്തിന് കർഷക തൊഴിലാളിയായി തൂമ്പയേന്തി മന്ത്രിയും

മുഹമ്മ: തൊഴിലാളിയായി മന്ത്രിയും. മുഹമ്മ പഞ്ചായത്ത് 12ാം വാർഡിലെ കരിങ്ങാട്ടവെളി-തോട്ടത്തുശേരി തോട്​ ശുചീകരണത്തിനാണ് കൃഷിമന്ത്രി പി. പ്രസാദ് ശുചീകരണത്തിൽ പങ്കുചേർന്ന് മാതൃക തീർത്തത്. നാട്ടിൻപുറത്തെ കർഷക തൊഴിലാളിയുടെ വേഷത്തിൽ തൂമ്പ തോളിൽവെച്ച് മറ്റ് തൊഴിലാളികൾക്കൊപ്പമാണ് മന്ത്രി എത്തിയത്. കൈലി ഉടുത്ത് തോടുവെട്ടുന്നത് മന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ കാഴ്ചക്കാരുടെ മുഖത്ത് അമ്പരപ്പ്. കേരളത്തിന്‍റെ പോയകാല കാർഷിക സമൃദ്ധിയും നന്മയും വീണ്ടെടുക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി പറഞ്ഞു. 'ഇളനീർ ഒഴുകും നവകേരളം പദ്ധതി' ഇതിനാണ് ആവിഷ്കരിച്ചത്. കേരളത്തിൽ ഒരിടത്തും ഒരിഞ്ച് മണ്ണുപോലും വെറുതെ ഇടില്ല. നമുക്കാവശ്യമായ ഭക്ഷ്യധാന്യം നമ്മൾ തന്നെ ഉൽപാദിപ്പിക്കണം. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇത് ആവശ്യമാണ്. തോട് പൂർണമായും ശുചിയാക്കുന്നതുവരെ മന്ത്രി പണിക്കു നിന്നു. പഞ്ചായത്ത് അംഗം ലതീഷ് ബി. ചന്ദ്രൻ, എ.ഡി.എസ് സെക്രട്ടറി ഷീല ഷാജി, പ്രസിഡന്റ്‌ സുബിത നസീർ, പി.ബി. തിലകൻ, ശ്രീജിത് സുകുമാരൻ, തൊഴിലുറപ്പ് മേറ്റുമാരായ ഗ്രീഷ്മ ശിശുപാലൻ, സിന്ധു കുഞ്ഞുമോൻ, സൗമ്യ അനിൽകുമാർ, ബീന സൈജു, ഓമന ദിനേശൻ, ഷൈനി ചന്ദ്രബാബു, ഷീല പ്രകാശൻ എന്നിവർ സംസാരിച്ചു. പടം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുഹമ്മ പഞ്ചായത്ത്‌ 12 ാം വാർഡിലെ തോടുകൾ വെട്ടിവൃത്തിയാക്കുന്നതിന് മന്ത്രി പി. പ്രസാദും ഭാഗമായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.