ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ വിയോഗത്തിൽ അനുശോചന പ്രവാഹം

അമ്പലപ്പുഴ: വിനയത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികം ആലപ്പുഴ രൂപതയെ നയിച്ച അഭിവന്ദ്യ പിതാവ് സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ വേർപാട് ഏറെ വേദനാജനകമാണ്. എല്ലാവരോടും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന സ്നേഹവും വിനയവും പിതാവിനെ വ്യത്യസ്തനാക്കിയിരുന്നെന്നും എം.എൽ.എ അനുശോചന സ​ന്ദേശത്തിൽ പറഞ്ഞു. വൈദികവൃത്തിയുടെ ഔന്നിത്യം ഉയർത്തിപ്പിടിച്ച്​ തീരദേശജനതയുടെ അവകാശസംരക്ഷണത്തിനായി നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലത്തീൻ സമുദായത്തിന്‍റെയും ഒപ്പം ജാതിമതഭേദങ്ങൾക്കു ഉപരിയായി നിരാലംബരായ തീരജനതയുടെയും പ്രശ്നങ്ങൾക്കും ആവലാതികൾക്കും പരിഹാരം കാണാൻ എന്നും മുന്നിൽ നിന്നു. ആലപ്പുഴയിൽ ജനപ്രതിനിധിയായി എത്തിയ കാലംമുതൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി അദ്ദേഹവുമായി ആത്മബന്ധമാണ്​ ഉണ്ടായിരുന്നതെന്നും വേണുഗോപാൽ അനുസ്മരിച്ചു. ആലപ്പുഴ: സമൂഹ നന്മക്കുവേണ്ടി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയും തീരദേശ ജനതയുടെ രക്ഷകനുമായിരുന്ന ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ വേര്‍പാടില്‍ വി. എം. സുധീരൻ അനുശോചിച്ചു. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ വേർപാടിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു അനുശോചിച്ചു. ആലപ്പുഴ രൂപതയുടെ മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ വിയോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം അനുശോചിച്ചു. സാധാരണക്കാരുടെ മനസ്സിലും സാമൂഹിക ജീവിതത്തിലും ഇടം കണ്ടെത്തിയ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റ നിര്യാണത്തിൽ കേരള കോൺഗ്രസ്‌ എം ജില്ല പ്രസിഡന്റ് വി.സി. ഫ്രാൻസിസും ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ്‌ കൂട്ടാലയും അനുശോചനം രേഖപ്പെടുത്തി. മുൻ ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ വിയോഗത്തിൽ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി. ഗാന്ധിയൻ പ്രസ്ഥാനങ്ങളോട് അതീവ അടുപ്പമുണ്ടായിരുന്ന അത്തിപ്പൊഴിയിൽ പിതാവ് സമീപനങ്ങളിലും ഗാന്ധിയൻ ആയിരുന്നുവെന്ന് ഗാന്ധിയൻ ദർശനവേദി അനുസ്മരിച്ചു. ആലപ്പുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ നിര്യാണത്തിൽ ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ പി.ടി. ഷാജഹാനും ജില്ല ജനറൽ സെക്രട്ടറി സുധീർ കോയയും അനുശോചിച്ചു. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്‍റെ വേർപാടിൽ ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്‍റ്​ കെ.യു. ഗോപകുമാർ സെക്രട്ടറി ആർ. രാജേഷ് എന്നിവർ അനുശോചിച്ചു. മാധ്യമപ്രവർത്തകരോട് എന്നും നല്ലബന്ധം കാത്തുസൂക്ഷിച്ച മെത്രാനായിരുന്നു അദ്ദേഹമെന്ന് ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.