വേനൽമഴയിലും പാടത്ത്​ വെള്ളം​; ​ആശങ്കയിൽ കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: കുട്ടനാട്ടിൽ സജീവമായ കൊയ്ത്തിന് വേനൽമഴ ഭീഷണിയായി. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നൂറുകണക്കിന് ഏക്കറിലെ നെൽച്ചെടികൾ കാറ്റിലും മഴയിലും വീണു. ചില പാടങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നു. തുടർച്ചയായി രണ്ടാംവർഷവും വേനൽമഴയിൽ വെള്ളത്തിലാകുകയായിരുന്നു പ്രദേശം. കഴിഞ്ഞ വർഷം മേയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഇത്തവണ, ഏപ്രിലിൽതന്നെ വെള്ളപ്പൊക്ക ദുരിതം പേറുകയാണ്​ കുട്ടനാട്ടുകാർ. വെള്ളക്കെട്ടും പകൽച്ചൂടും ചേരുന്നതിനാൽ വീണുകിടക്കുന്ന നെല്ല് മുളക്കുമോ എന്നാണ് കർ‍ഷകരുടെ ആശങ്ക. പാടങ്ങളിലെ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ചു പമ്പ് ചെയ്ത്​ മാറ്റുന്നുണ്ട്. എങ്കിലും മഴ വീണ്ടും പെയ്താൽ ബാക്കിയുള്ള കൊയ്ത്തിനെയും നെല്ലു സംഭരണത്തെയുംകൂടി ബാധിക്കും. മൂപ്പെത്തിയ നെല്ലായതിനാൽ ചെറിയ മഴയിലും വീഴുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടനാട് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് കൊയ്യാനാണ് കർഷകരുടെ ശ്രമം. പാടശേഖരങ്ങൾ അതിർത്തി പങ്കിടാത്ത സ്ഥലങ്ങളിലും താഴ്ന്ന തുരുത്തുകളിലും വെള്ളം കയറി. മങ്കൊമ്പ് ആറാട്ടുവഴി റോഡിലും വീടുകളിലും വെള്ളം കയറി. ഇടവഴികൾ മുങ്ങി. പുളിങ്കുന്ന് പഞ്ചായത്തിലെ 14, 15 വാർഡുകളിൽ വെള്ളക്കെട്ടുണ്ട്. പമ്പ, മണിമല നദികളിൽക്കൂടിയെത്തുന്ന വെള്ളത്തി‍ൻെറ ശക്തിയിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലെ ദുർബലമായ പുറംബണ്ട് തകർന്ന് മട വീണു. പുഞ്ച സീസണിന്റെ തുടക്കത്തിൽ രണ്ടുതവണയാണ് ഇവിടെ മടവീണത്. ഇത്തവണ കള കിളിർപ്പിച്ച്​ നശിപ്പിക്കുന്ന ജോലി പൂർത്തിയായിവരുന്നതിനിടെയാണ്​ വീണ്ടും മടവീണത്. വീണ്ടും ജലനിരപ്പുയർന്നാൽ എ.സി റോഡിൽ പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെ ഭാഗത്ത് വെള്ളം കയറാനിടയുണ്ട്. തോട്ടപ്പള്ളി ഷട്ടർ ലീക്ക്​ ​ചെയ്യുന്ന സാഹചര്യത്തിൽ ഓരുവെള്ളവും കൃഷിയിടങ്ങളിലേക്ക്​ കയറുന്നുണ്ട്. പരിശോധനയിൽ ലവണാംശം 0.7 ആണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ മാസങ്ങളിൽ ലവണാംശം മൂന്നിനു മുകളിൽ വരെ എത്തിയിരുന്നു. ലവണാംശം രണ്ടിനുമുകളിൽ എത്തിയാൽ നെൽകൃഷി നശിക്കും. ശുദ്ധജല പൈപ്പ് പൊട്ടിയും എയർ വാൽവിലൂടെയും വെള്ളം ഒഴുകി പാടങ്ങളിൽ എത്തുന്നുണ്ട്. എടത്വ-മാമ്പുഴക്കരി റോഡിൽ ആനക്കിടാവിരുത്തി പാടത്തി‍ൻെറ വശത്തുകൂടിയുള്ള പൈപ്പിൽ പത്തിലേറെ സ്ഥലങ്ങളിൽ വെള്ളം ചോരുന്നുണ്ട്​. പലതവണ കർഷകർ പരാതി നൽകിയിട്ടും പരിഹരിച്ചിട്ടില്ല. തകഴി കേളമംഗലത്ത് ഒരുമാസത്തിലേറെയായി പാടത്തേക്ക് വെള്ളം ഒഴുകുന്നു. ഈ വെള്ളവും കർഷകർ മോട്ടോർ വെച്ച് വറ്റിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.